(ഫയൽ ചിത്രം)
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇപ്പോൾ ഭാഗികമായി തുറന്നിട്ടുണ്ടെന്നും വെള്ളിയാഴ്ചയോടെ ഇത് പൂർണ തോതിൽ സജ്ജമാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളുടെ വിജയത്തിലും സമുദ്രഗതാഗതം പുനഃസ്ഥാപിക്കുന്നതിലും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. "ഇറാനുമായുള്ള കരാറിൽ ഒപ്പുവെച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കടലിടുക്ക് ഇപ്പോൾത്തന്നെ ഭാഗികമായി തുറന്നുകഴിഞ്ഞു. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള ചില മൈനുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കപ്പലുകൾ ഇപ്പോൾത്തന്നെ യാത്ര തിരിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചയോടെ ഗതാഗതം പൂർണതോതിലാകും. ഇറാനുമായി വളരെ നല്ല രീതിയിലാണ് ചർച്ചകൾ പൂർത്തിയാക്കിയത്." ട്രംപ് പറഞ്ഞു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയും ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. സമാധാന കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണക്കപ്പലുകൾ ഉൾപ്പെടെയുള്ളവ ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ആരംഭിച്ചതായി അദ്ദേഹം കുറിച്ചു. പൂർണമായും സുരക്ഷിതമായ സതേൺ ഹൈവേ വഴിയാണ് നിലവിൽ കപ്പലുകൾ കടന്നുപോകുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാനുമായുള്ള യു.എസ് സമാധാന കരാർ പൂർത്തിയായതായും ഹുർമുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം അവസാനിപ്പിച്ചതായും ട്രംപ് പ്രഖ്യാപിച്ചത്. "ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ... എണ്ണ ഒഴുകട്ടെ!" എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
വെള്ളിയാഴ്ച ജനീവയിൽ നടക്കുന്ന ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങോടെ കടലിടുക്ക് പൂർണ സജ്ജമാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഈ കരാർ മേഖലയിലുടനീളം സമാധാനവും സുരക്ഷയും കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും ആഗോള വ്യാപാരത്തെയും സാരമായി ബാധിച്ചിരുന്നു. പുതിയ സമാധാന കരാറോടെ ഈ പ്രതിസന്ധികൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.