ഗസ്സയിലേക്കുള്ള ഫ്ലോട്ടില്ല സംഘത്തിനുനേരെ ഇസ്രായേൽ സൈന്യത്തിന്‍റെ പരാക്രമം: അന്വേഷിക്കാൻ ആസ്‌ട്രേലിയയും

കാൻബറ: ഗസ്സയിലേക്ക് സഹായവുമായി പോയ ഫ്രീഡം ഫ്ലോട്ടില്ല കപ്പലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയൻ ആക്ടിവിസ്റ്റുകൾക്ക് ഇസ്രായേലി തടങ്കലിൽ സൈനികരിൽ നിന്നുണ്ടായ പീഡന, ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ച് ആസ്‌ട്രേലിയ അന്വേഷിക്കും."ഫ്ലോട്ടില്ല പ്രവർത്തകർക്കുനേരെയുള്ള ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, മാനസിക പീഡനം എന്നിവയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്" എന്ന് ഗ്ലോബൽ മൂവ്‌മെന്റ് ടു ഗാസ അയോട്ടെറോവ-ഓസ്‌ട്രേലിയ സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ പറഞ്ഞു.അന്താരാഷ്ട്ര ജലാശയത്തിൽ സഞ്ചരിക്കുമ്പോൾ ഇസ്രായേൽ സൈന്യം ഫ്ലോട്ടില്ലയിലെ സന്നദ്ധ പ്രവർത്തകരെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തതിൽ ഇറ്റലിയും ഫ്രാൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, അന്താരാഷ്ട്ര വികസന മന്ത്രി ആനി അലി, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, വിദേശകാര്യ, വ്യാപാര വകുപ്പ് എന്നിവയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും സംഘം അറിയിച്ചു. തങ്ങളുടെ പരാതിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സംഘം അറിയിച്ചു.

തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനെക്കൂടി ഇറ്റലി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബെൻ-ഗ്വീറിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ഇറ്റാലിയൻ നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസാവസാനം അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ച് ഗസ്സ സഹായക്കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന സമാധാന പ്രവർത്തകരുടെ കൈകൾ പിന്നോട്ട് കെട്ടി നിലത്തു മുട്ടുകുത്തിച്ചു നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ മന്ത്രി ബെൻ-ഗ്വീർ തന്നെ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായത്. 'ഫ്രീ ഫലസ്തീൻ' എന്ന് മുദ്രാവാക്യം വിളിച്ച വനിതാ പ്രവർത്തകയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നിലത്തു കിടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ഇസ്രായേൽ പൊലീസ് കസ്റ്റഡിയിലെടുത്ത 430 പ്രവർത്തകരിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് കപ്പലിന്റെ സംഘാടകർ വ്യക്തമാക്കി.

സമാധാന പ്രവർത്തകരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം "അംഗീകരിക്കാൻ കഴിയാത്തതാണെന്ന്" ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കിയിരുന്നു.ഫ്രാൻസ് ഇതിനോടകം തന്നെ ബെൻ-ഗ്വീറിന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും യുദ്ധക്കുറ്റത്തിന് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേയ് 18നാണ് ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധം ലംഘിച്ച് സഹായ സാമഗ്രികളുമായി നീങ്ങിയ കപ്പൽ രാജ്യാന്തര സമുദ്ര അതിർത്തിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടഞ്ഞത്. 40 രാജ്യങ്ങളിൽ നിന്നുള്ള 430ഓളം പ്രവർത്തകരെയാണ് അന്ന് ഇസ്രായേൽ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്

Tags:    
News Summary - Australia to investigate claims Israeli forces assaulted flotilla activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.