യു.എസ്-ഇറാൻ സമാധാന കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ തെഹ്റാനിലെ ഇങ്ക്വിലാബ് ചത്വരത്തിൽ ഇറാൻ പതാകയുമായി ആഹ്ലാദ പ്രകടനം നടത്തുന്ന വനിത
‘നാഗരികതയെ നശിപ്പിക്കു’മെന്ന പ്രഖ്യാപനത്തോടെയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെബ്രുവരി 28ന് ഇസ്രായേലിനെയും ഒപ്പംകൂട്ടി ഇറാനുനേരെ വ്യോമാക്രമണം ആരംഭിച്ചത്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ തുടങ്ങിവെച്ച യുദ്ധം 106 ദിവസത്തിനുശേഷം താൽക്കാലികമായെങ്കിലൂം അവസാനിക്കുമ്പോൾ, രാഷ്ട്രീയ വിജയം ഇറാനുതന്നെ. അതിന്റെ പ്രതിധ്വനികളാണിപ്പോൾ യു.എസിൽനിന്നും ഇസ്രായേലിൽനിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അനാവശ്യമായ യുദ്ധം നയിച്ചുവെന്ന പഴി കേൾക്കുകയാണിപ്പോൾ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും. മറുവശത്ത്, വലിയ നഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും യു.എസ്-ഇസ്രായേൽ സഖ്യ രാഷ്ട്രങ്ങൾക്കെതിരെ വൻപ്രതിരോധം തീർക്കുന്നതിൽ ഇറാൻ വിജയിച്ചു.
2026 ഫെബ്രുവരി 27ന്, യു.എസ്-ഇറാൻ ജനീവ ആണവ ചർച്ചയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ച് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം ‘ഓപറേഷൻ എപിക് ഫ്യൂരി’ക്ക് തുടക്കമായത്. ഇറാൻ ആണവായുധ നിർമാണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണത്തെ മുൻനിർത്തിയായിരുന്നു ഈ സൈനിക ഓപറേഷൻ. തെഹ്റാനിലെ ഇസ്‍ലാമിക ഭരണകൂടത്തിന്റെ ആണവ സമ്പുഷ്ടീകരണ ഗവേഷണ പദ്ധതികൾ ഇല്ലാതാക്കുക എന്നതിനൊപ്പം ഇറാനിൽ പൂർണമായ ഭരണമാറ്റം കൂടി പ്രഖ്യാപിച്ചായിരുന്നു യു.എസ്-ഇസ്രായേൽ സഖ്യസേനയുടെ പടയോട്ടം.
ആദ്യ ദിനം വലിയ പ്രഹരമാണ് സഖ്യസേന സൃഷ്ടിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖരെ വധിച്ച് ശക്തമായ മുന്നറിയിപ്പ് സഖ്യസേന നൽകി. എന്നാൽ, അപ്രതീക്ഷിതമായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ സൈനിക നിലയങ്ങൾ ലക്ഷ്യമിട്ട് ആക്രമണ പ്രത്യാക്രമണം തുടർന്നതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഹുർമുസ് കടലിടുക്ക് അടച്ചിട്ട് ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് ഇറാൻ പൂട്ടിടുകയും ചെയ്തതോടെ ലോകമെങ്ങും യുദ്ധം അവസാനിപ്പിക്കണമെന്ന മുറവിളി ഉയർന്നു. ഇതിനിടെ, ഇസ്രായേൽ ലബനാനിലും ആക്രമണം തുടങ്ങിയിരുന്നു. ഇറാനിലും ലബനാനിലുമായി പതിനായിരം പേരെങ്കിലും വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ഏപ്രിൽ എട്ടിന് വെടിനിർത്തൽ സംബന്ധിച്ച് ഇറാനും യു.എസും ഒരു കരാറിൽ ഒപ്പുവെച്ചു. ലബനാനിലടക്കം വെടിനിർത്തൽ എന്നായിരുന്നു ഇറാന്റെ ഉപാധി. എന്നാൽ, ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതോടെ ഹുർമുസിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മറുവശത്ത്, മേഖലയിൽ യു.എസിന്റെ നാവിക ഉപരോധവും വന്നു. അതിനുശേഷം ആക്രമണ സംഭവങ്ങൾ കുറവായിരുന്നുവെങ്കിലും ആഗോള എണ്ണക്കപ്പൽ ഗതാഗതം നിലച്ചത് ലോക വിപണിയെത്തന്നെ കാര്യമായി ബാധിച്ചു. ഇതിനിടയിലും പാകിസ്താന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇതാണിപ്പോൾ യുദ്ധവിരാമ കരാറിൽ എത്തി നിൽക്കുന്നത്.
ഇറാനിലെ ഭരണമാറ്റം, ഹുർമുസ് പിടിച്ചെടുക്കൽ എന്നിവയും ഓപറേഷൻ എപിക് ഫ്യൂരിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. രണ്ടും നടന്നില്ല. 1979ലെ വിപ്ലവത്തെ തുടർന്ന് അധികാരത്തിൽവന്ന ഇസ്‍ലാമിക ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ആക്രമണത്തിന്റെ തുടക്കത്തിലേ ട്രംപ് പ്രഖ്യാപിച്ചതാണ്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ ഖാംനഈയെ വധിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുമെന്ന സൂചനയും യു.എസും ഇസ്രായേലും നൽകി. പിന്നീട്, ഭരണകൂടത്തിലെ പല പ്രമുഖരെയും ഇല്ലാതാക്കിയെങ്കിലും ഭരണമാറ്റം എന്ന ലക്ഷ്യം യാഥാർഥ്യമായില്ല. നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, രഹസ്യാന്വേഷണ വിഭാഗം മേധാവി ഇസ്മാഈൽ ഖാതിബ്, ഐ.ആർ.ജി.സി കമാൻഡർ അലി റിസ തുടങ്ങിയ പ്രമുഖരെ ഇറാന് ഇക്കാലയളവിൽ നഷ്ടമായെങ്കിലും പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാന് കീഴിൽ ഭരണകൂടം ഉലയാതെ പിടിച്ചുനിന്നു. കൃത്യമായ നയതന്ത്ര നീക്കങ്ങളിലൂടെ ഇറാൻ സ്വയം അജണ്ടയിൽ വിജയിക്കുകയും ചെയ്തു.
ഹുർമുസും കടലിടുക്കിലെ ഇറാന്റെ എണ്ണ ദ്വീപായ ഖാർഗും പിടിച്ചെടുക്കാനുള്ള യു.എസിന്റെ സകല നീക്കങ്ങളും പരാജയപ്പെട്ടു. ഹുർമുസിലെ ഇറാന്റെ ഇടപെടൽ വിജയിക്കുകയും ചെയ്തു. ഇടനാഴി അടച്ചിട്ടതോടെ വിപണിയിൽ വലിയ തകർച്ച വന്നു. സഖ്യ രാജ്യങ്ങളുടെയും അവരോട് സൗഹൃദത്തിലുമുള്ള രാജ്യങ്ങളുടെയും എണ്ണക്കപ്പലുകൾക്ക് ഗൾഫ് കടലിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ആഗോള എണ്ണ വിപണി തന്നെയും സ്തംഭിച്ചു; എണ്ണ വില കുതിച്ചു. ഇത് ആഗോളതലത്തിൽത്തന്നെ യു.എസിനെതിരായ വികാരം സൃഷ്ടിക്കാൻ ഇടയാക്കി.
യൂറോപ്യൻ എണ്ണ വിപണി തകർന്ന സാഹചര്യത്തിലാണ് നാറ്റോ രാജ്യങ്ങൾ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു.എസ് സൈന്യത്തിന് തങ്ങളുടെ നിലയങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതും ഇതേ വികാരത്തിന്റെ പുറത്തായിരുന്നു. ഇതിന്റെ പേരിൽ യൂറോപ്പുമായി ട്രംപിന് കൊമ്പുകോർക്കേണ്ടിയും വന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവും സഖ്യ രാഷ്ട്രങ്ങൾക്ക് കൈവരിക്കാനായില്ല. അതേസമയം, ഇറാന്റെ ആണവ പദ്ധതികൾ പുതിയ കരാറോടെ സഖ്യ രാഷ്ട്രങ്ങൾക്ക് നിരീക്ഷിക്കാനാകുമെന്നതിൽ ട്രംപിനും നെതന്യാഹുവിനും ആശ്വസിക്കാവുന്നതാണ്.
ഏപ്രിൽ എട്ടിലെ വെടിനിർത്തൽ കരാർ ഇല്ലാതാക്കിയത് ഇസ്രായേലായിരുന്നു. വെടിനിർത്തൽ പരിധിയിലുള്ള ലബനാനിൽ അവർ ആക്രമണം തുടർന്നതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഈ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നശേഷവും ഇസ്രായേൽ ലബനാനിൽ ആക്രമണം നടത്തുന്നുണ്ട്. എന്നല്ല ലബനാനിലും ഗസ്സയിലും സിറിയയിലും സൈന്യം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അങ്ങനെ സംഭവിച്ചാൽ, കരാർ ഒരിക്കൽകൂടി അപ്രസക്തമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേൽ നിലപാടിൽ യു.എസിനും ട്രംപിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ, നിലവിലെ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും ഇസ്രായേലിന്റെ ആക്രമണ നീക്കങ്ങൾ ഒഴിവാക്കാനാകും യു.എസ് ശ്രമിക്കുക. മറിച്ച് സംഭവിച്ചാൽ പശ്ചിമേഷ്യ വീണ്ടും കലുഷിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.