ഇസ്രായേലിന്റെ ആക്രമണത്തോടെ യു.എസുമായുള്ള ആണവ ചർച്ചകൾ അർഥശൂന്യമായെന്ന് ഇറാൻ

തെഹ്റാൻ: ഇസ്രായേൽ തങ്ങളുടെ ദീർഘകാല ശത്രുവിനെതിരെ നടത്തിയ ഏറ്റവും വലിയ സൈനിക ആക്രമണത്തിന് ശേഷം ആണവ പദ്ധതിയെച്ചൊല്ലി യു.എസുമായുള്ള സംഭാഷണം ‘അർഥശൂന്യമായി’ എന്ന് ഇറാൻ. യു.എസ് ആക്രമണത്തെ പിന്തുണച്ചതായും ഇറാൻ ആരോപിച്ചു.

‘സംവാദത്തെ അർത്ഥശൂന്യമാക്കുന്ന തരത്തിലാണ് മറുവശത്ത് യു.എസ് പ്രവർത്തിച്ചത്. സയണിസ്റ്റ് ഭരണകൂടത്തെ ഇറാന്റെ പ്രദേശം ലക്ഷ്യമിടാൻ അനുവദിച്ചുകൊണ്ട് നിങ്ങൾക്ക് ചർച്ച നടത്താൻ കഴിയില്ല’-വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഗായ് പറഞ്ഞതായി ഇറാൻ വാർത്താ ഏജൻസി റി​പ്പോർട്ട് ചെയ്തു.

നയതന്ത്ര പ്രക്രിയയെ  സ്വാധീനിക്കുന്നതിൽ ഇസ്രായേൽ വിജയിച്ചു എന്നും യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേൽ ആക്രമണം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ആക്രമണങ്ങളിൽ യു.എസിന് പങ്കുണ്ടെന്ന് ഇറാൻ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, യു.എസ് ആരോപണം നിഷേധിക്കുകയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇറാനോട് അവരുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നത് ‘ബുദ്ധിപരമായ’ കാര്യമായിരിക്കും എന്ന് പറയുകയും ചെയ്തു.

യു.എസ്-ഇറാൻ ആണവ ചർച്ചകളുടെ ആറാം റൗണ്ട് ഞായറാഴ്ച മസ്‌കറ്റിൽ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം അത് മുന്നോട്ട് പോകുമോ എന്ന് വ്യക്തമല്ല. തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടി സിവിലിയൻ ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും വേണ്ടിയല്ലെന്ന് ഇറാൻ ആവർത്തിക്കുന്നു. തങ്ങൾ രഹസ്യമായി ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന ഇസ്രായേലിന്റെ ആരോപണങ്ങൾ ഇറാൻ പലതവണ തള്ളിക്കളഞ്ഞതാണ്.

ഇസ്രായേൽ ആക്രമണം വരുമെന്ന് താനും സംഘവും അറിഞ്ഞിരുന്നുവെന്നും എന്നാൽ ഒരു കരാറിന് ഇപ്പോഴും ഇടം കാണുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞതായി റോയി​ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Iran says nuclear talks with United States ‘meaningless’ after Israeli strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.