തെഹ്റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്‍റെ രണ്ടു ഏജന്‍റുമാരെ പിടികൂടിയെന്ന് ഇറാൻ. സ്ഫോടനത്തിന് കോപ്പുകൂട്ടുന്നതിനിടെയാണ് ഇറാനിലെ അൽബോർസ് പ്രവിശ്യയിൽനിന്ന് ഇരുവരും പിടിയിലായതെന്ന് വാർത്ത ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെയും മൊസാദ് ഏജന്‍റുമാരെ ഇറാൻ രാജ്യത്തിനകത്തുനിന്ന് പിടികൂടിയിരുന്നു. മൊസാദിന്‍റെ സഹായത്തോടെ ആയുധങ്ങളും കമാൻഡോകളെയും ഇറാന്റെ ഹൃദയഭാഗത്ത് എത്തിച്ച് ഡ്രോൺ താവളംഒരുക്കിയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്രായേൽ സേന ഉദ്യോഗസ്ഥനാണ് രഹസ്യ നീക്കങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലിനോട് വെളിപ്പെടുത്തിയത്.
ഇസ്രായേൽ പ്രതിരോധ സേനകളും മൊസാദും ചേർന്നാണ് നീക്കങ്ങൾ ആസൂത്രണം ചെയ്തത്. തലസ്ഥാനമായ തെഹ്റാന്റെ തൊട്ടടുത്താണ് ഡ്രോൺ ബേസ് സ്ഥാപിച്ചത്. രാത്രി ഡ്രോണുകൾ പറത്തി ഇറാന്റെ മിസൈൽ വിക്ഷേപണ സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആദ്യ പ്രഹരം.
ഇസ്രായേലിനെതിരെ ഇറാൻ സജ്ജമാക്കിയിരുന്ന പ്രധാന ആയുധമായിരുന്നു ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള മിസൈലുകൾ. ആയുധ സംവിധാനങ്ങൾ വഹിക്കുന്ന വാഹനങ്ങൾ ഇറാന്റെ മണ്ണിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഇസ്രായേലിനെ ഏറ്റവും സഹായിച്ചത്. ഈ സംവിധാനങ്ങൾ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രായേലി യുദ്ധ വിമാനങ്ങൾക്ക് മേധാവിത്വവും പ്രവർത്തന സ്വാതന്ത്ര്യവും നൽകിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.