യു.എസ് ആക്രമണത്തിൽ തകർന്ന വീട്
ഇറാനിൽ വിവാഹച്ചടങ്ങിന് നേരെ യു.എസ് മിസൈലാക്രമണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം ആവശ്യപ്പെട്ട് റെഡ് ക്രസന്റ്
തെഹ്റാൻ: ഇറാനിലെ കുഹസ്തക് നഗരത്തിൽ വിവാഹച്ചടങ്ങിന് നേരെ യു.എസ് നടത്തിയ മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) അന്വേഷണം ആവശ്യപ്പെട്ട് റെഡ് ക്രസന്റ്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഐ.സി.സിക്ക് ഔദ്യോഗികമായി കത്തയച്ചത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9:30ഓടെയാണ് ഹുർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ നഗരമായ കുഹസ്തകിൽ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് സ്ത്രീകളും നാല്, പതിനാറ് വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 67 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഇറാനിയൻ റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി. സാധാരണക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ യു.എസ് സൈന്യം സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചത്. എന്നാൽ ഈ വാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. ഇറാഖിലും അഫ്ഘാനിസ്താനിലും മുൻകാലങ്ങളിൽ യു.എസ് നടത്തിയ സമാനമായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇറാൻ ഇതിനെതിരെ രംഗത്തുവന്നത്. സംഭവത്തിൽ യു.എൻ രക്ഷാസമിതി ശക്തമായി അപലപിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു.
തങ്ങളും യു.എസും ഐ.സി.സിയുടെ റോം സ്റ്റാറ്റ്യൂട്ടിൽ അംഗങ്ങളല്ലെങ്കിലും, രാജ്യത്തെയോ പ്രദേശത്തെയോ പ്രത്യേക കാലയളവിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കോടതിക്ക് താൽക്കാലിക അധികാരം നൽകാൻ ഇറാനിയൻ ഭരണകൂടത്തിന് സാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ 'ഡോൺ' വ്യക്തമാക്കുന്നു. ഹുർമുസ് കടലിടുക്കിന് സമീപം യു.എസ് താവളങ്ങൾക്കും കപ്പലുകൾക്കുമെതിരെ ഇറാൻ നീക്കം നടത്തുന്നുവെന്നാരോപിച്ച് യു.എസ് തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിവരുന്നതിനിടയിലാണ് ഈ ദുരന്തം. പുതിയ ആക്രമണങ്ങളിൽ ചൊവ്വാഴ്ച മാത്രം ഇറാനിൽ 18 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.