അമേരിക്കയുടെ സാമ്പത്തിക സുരക്ഷയിൽ ആശങ്ക? യു.എസിലെയും കാനഡയിലെയും 86 ടൺ സ്വർണ്ണം പിൻവലിച്ച് നെതർലൻഡ്സ്

ആംസ്റ്റർഡാം: വർധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലുമായി സൂക്ഷിച്ചിരുന്ന നെതർലൻഡ്സ് കേന്ദ്ര ബാങ്കിന്റെ 86 ടൺ സ്വർണ്ണ ശേഖരം ലണ്ടനിലേക്ക് മാറ്റി. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ ശേഖരം വേഗത്തിൽ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ന്യൂയോർക്കിലും ഒട്ടാവയിലും സൂക്ഷിച്ചിരിക്കുന്ന സ്വർണത്തേക്കാൾ എളുപ്പത്തിൽ ലണ്ടനിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം വ്യാപാരം ചെയ്യാൻ സാധിക്കുമെന്ന് ഡച്ച് സെൻട്രൽ ബാങ്കായ ഡി.എൻ.ബി പ്രസ്താവനയിൽ വ്യക്തമാക്കി. ‘ഈ നടപടിയിലൂടെ ഞങ്ങൾ സ്വർണ ശേഖരത്തിന്റെ ലഭ്യതയും വിനിയോഗവും മെച്ചപ്പെടുത്തിയിരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ സ്വർണം ഉപയോഗിക്കേണ്ടി വരില്ലെന്നാണ് ഞങ്ങൾ കരുതുന്നത്, എങ്കിലും ഞങ്ങളുടെ പ്രതിരോധശേഷിയും സജ്ജീകരണങ്ങളും ശക്തിപ്പെടുത്താൻ ഇത് ആവശ്യമാണ്’- ഡി.എൻ.ബി പ്രസിഡന്റ് ഒലാഫ് സ്ലെയ്പെൻ പറഞ്ഞു.

വലിയ അളവ് സ്വർണ്ണം കൊണ്ടുപോകുന്നതിലുള്ള അപകടസാധ്യതകൾ പരമാവധി ഒഴിവാക്കാൻ പരസ്പര ഇടപാടുകളിലൂടെയും ഭാഗികമായി നേരിട്ട് കൈമാറ്റം ചെയ്തുമാണ് ഈ മാറ്റം നടപ്പിലാക്കിയതെന്ന് ബാങ്ക് അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി സൂക്ഷിച്ചിരുന്ന 27 ടണ്ണിലധികം സ്വർണം സൈസ്റ്റിലേക്ക് ബാങ്ക് മാറ്റിയിരുന്നു. സ്വർണക്കട്ടികൾ ഉരുക്കുന്നത് ഒഴിവാക്കാനായി അതേ അളവിലുള്ള സ്വർണ്ണം സൈസ്റ്റിൽ നിന്ന് ലണ്ടനിലേക്കും മാറ്റുകയായിരുന്നു. ഈ വർഷം മാർച്ചിനും ആഗസ്റ്റിനുമിടയിലാണ് ഈ സുപ്രധാന നടപടികൾ പൂർത്തിയായത്.

2025 അവസാനത്തോടെ ആകെ ഡച്ച് സ്വർണ്ണ ശേഖരം 612.4 ടൺ ആയിരുന്നുവെന്നും ഇതിന് 72.2 ബില്യൺ യൂറോ (ഏകദേശം 83.65 ബില്യൺ ഡോളർ) മൂല്യമുണ്ടെന്നും ബാങ്ക് കണക്കാക്കുന്നു. ഈ മാറ്റത്തിന് ശേഷം ഓരോ രാജ്യവും ഡച്ച് സ്വർണ്ണ ശേഖരത്തിന്റെ 18.5 ശതമാനം വീതം സൂക്ഷിച്ചു. ലണ്ടനിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിന്റെ വിഹിതം 18.1 ശതമാനത്തിൽ നിന്ന് 32.1 ശതമാനമായി ഉയർന്നു. ബാങ്ക് ഇപ്പോഴും സ്വർണത്തിന്റെ 30.8 ശതമാനം നെതർലൻഡ്സിൽ തന്നെയാണ് സൂക്ഷിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദമായി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ തങ്ങളുടെ സ്വർണ ശേഖരം സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിലെ നാഷണൽ ഗോൾഡ് കൗണ്ടർ പ്രസിഡന്റ് ലോറന്റ് സ്വാർട്ട്സ് പറഞ്ഞു. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചില കേന്ദ്ര ബാങ്കുകളെ മറ്റ് സംഭരണ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും വലിയതും എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്നതുമായ വിപണിയാണ് ലണ്ടൻ എന്നും, അതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ഇത് എളുപ്പത്തിൽ വിനിയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്ര ബാങ്കുകൾക്ക് തങ്ങളുടെ സ്വർണം മറ്റ് ബാങ്കിങ് സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ വായ്പ നൽകാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണം പെട്ടെന്ന് ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ഡച്ച് ബാങ്ക് ഈ മാറ്റം വരുത്തിയതെന്ന് സിറ്റ് ജെഷൻ പ്രൈവറ്റ് ബാങ്ക് അനലിസ്റ്റ് ജോൺ പ്ലാസാർഡ് വ്യക്തമാക്കി. തൽക്കാലത്തേക്ക് ഇതൊരു ഒറ്റപ്പെട്ട നീക്കമാണെങ്കിലും മറ്റ് കേന്ദ്ര ബാങ്കുകളും ഇത് പിന്തുടർന്നാൽ അത് അമേരിക്കയുടെ വിശ്വാസത്തെ തകരാറിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Dutch shift 86 tonnes of gold from US, Canada to UK due to geopolitical unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.