‘ഇസ്രായേലിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തം’; ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അധികകാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഇസ്രായേലിനെയും പശ്ചിമേഷ്യയെയും പാശ്ചാത്യ രാജ്യങ്ങളെയും സാധ്യമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് അമേരിക്ക ഇറാനുമായുള്ള സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങളെക്കുറിച്ച് ഇസ്രായേൽ ആശങ്കപ്പെടേണ്ടതില്ലെന്നും യുദ്ധം അധികനാൾ നീണ്ട് നിൽക്കി​ല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലി ബ്രോഡ്കാസ്റ്ററായ 'കാൻ' മാധ്യമത്തിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ​​ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ ആദ്യം ഇസ്രായേലിനെയും പിന്നീട് പശ്ചിമേഷ്യയെയും നശിപ്പിക്കുമെന്നും, അതിനുശേഷം അവർ യൂറോപ്പിലേക്കും അമേരിക്കൻ നഗരങ്ങളിലേക്കും തിരിയുമെന്നും ​ട്രംപ് പറഞ്ഞു. അതുകൊണ്ടുതന്നെ മിഡിൽ ഈസ്റ്റിനെയും ഇസ്രായേലിനെയും ഒപ്പം അമേരിക്കയെയും സംരക്ഷിക്കാനാണ് തങ്ങൾ യുദ്ധം ചെയ്യുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും ​ട്രംപ് അവകാശപ്പെട്ടു. എന്നാൽ നിലവിലെ സംഘർഷത്തിൽ ഇസ്രായേൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ യു.എസ് പ്രസിഡന്റായതിനാൽ ഇസ്രായേലിനെ സംരക്ഷിക്കുമെന്നും ​ട്രംപ് വ്യക്തമാക്കി.

ഏറ്റവും പുതിയ സംഘർഷങ്ങൾ എത്രകാലം നീണ്ടുനിൽക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അധികം വൈകാതെ അവസാനിക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതൽ വ്യക്തമായ സമയപരിധി നൽകാതെ, മൊത്തത്തിലുള്ള ഈ സംഘർഷവും ഉടൻ തന്നെ അവസാനിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പില്ലെന്നും, ഇനി അധികകാലം ഈ സ്ഥിതി തുടരുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ കീഴടങ്ങുമെന്നും മാസങ്ങളായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന സൈനിക നടപടികൾ ഇല്ലാത്ത ശാന്തതക്ക് വിരാമമിട്ടുകൊണ്ട് ഇറാനിലെ ലാറക് ദ്വീപിലുള്ള റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ ജോർഡനിലേക്കും യു.എ.ഇ​ലേക്കും മിസൈലുകൾ തൊടുത്തുവിട്ടു. ജൂലൈ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലുകളിൽ ഒന്നായി ചൊവ്വാഴ്ച ഹുർമുസ് കടലിടുക്കിന് സമീപമുള്ള കൂടുതൽ ഇറാനിയൻ ലക്ഷ്യങ്ങൾ അമേരിക്ക തകർത്തു.

ചൊവ്വാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു വിവാഹച്ചടങ്ങിനിടയിൽ നാല് പേർ കൊല്ലപ്പെട്ടതായും, അതൊരു 'യുദ്ധക്കുറ്റമാണെന്നും' ഇറാൻ ആരോപിച്ചിരുന്നു. തുടർന്ന് ജോർഡൻ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകി. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്നുണ്ടെങ്കിലും, നിലവിലെ സംഘർഷത്തിൽ ഇതുവരെ ഇസ്രായേലിനെ ലക്ഷ്യമിട്ടിട്ടില്ല. ജൂതന്മാരുടെ പുതുവത്സര അവധിക്കാലത്ത് ഇറാനിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ തയാറാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനും അവരുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾ തകർക്കാനുമായി ഇസ്രായേലും അമേരിക്കയും ചേർന്ന് ഈ വർഷം ഫെബ്രുവരി 28-നാണ് ഈ യുദ്ധം ആരംഭിച്ചത്. ഏപ്രിൽ മാസത്തിൽ ഇരുവിഭാഗവും വെടിനിർത്തലിൽ ഏർപ്പെടുകയും, ജൂണിൽ ഒരു ഇടക്കാല കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നുവെങ്കിലും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ആ കരാർ തകരുകയായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാൻ ഈ ജലപാത ഉപരോധിക്കുകയും, അമേരിക്ക തിരിച്ചടിക്കുകയും ചെയ്തിരുന്നു. അതിനുശേഷമുള്ള ഭൂരിഭാഗം സംഘർഷങ്ങളും ഹുർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Tags:    
News Summary - Trump says US fighting Iran to protect Israel, Middle East, West

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.