ഇസ്രായേലിനെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തുന്നതിൽ യൂറോപ്യൻ യൂണിയനിൽ ഭിന്നത രൂക്ഷമാകുന്നു
ബ്രസ്സൽസ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ വർധിച്ചുവരുന്ന കുടിയേറ്റ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലിനെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷം. അയർലൻഡിൽ നടന്ന അനൗദ്യോഗിക യോഗത്തിലാണ് അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നത പ്രകടമായത്.
യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻസി വഹിക്കുന്ന അയർലൻഡിന്റെ നേതൃത്വത്തിൽ വിക്ലോയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഇ.യു വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത്. അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് മേൽ യൂണിയൻ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് അയർലൻഡും സ്പെയിനും ശക്തമായി ആവശ്യപ്പെട്ടു. ബെൽജിയവും നെതർലൻഡ്സും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ജർമ്മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങൾ ഈ നീക്കത്തെ ശക്തമായി എതിർത്തു. ഇസ്രായേലുമായി നിലവിലുള്ള നയതന്ത്ര ബന്ധങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്. ഇസ്രായേൽ ഉൽപന്നങ്ങൾ നിരോധിച്ച ആദ്യ ഇ.യു രാജ്യമാണ് അയർലൻഡ്. 2024ൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച അയർലൻഡ്, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ നീക്കത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നുണ്ട്. കൂടാതെ 2000ൽ ഒപ്പുവെച്ച ഇ.യു-ഇസ്രായേൽ അസോസിയേഷൻ കരാർ പുനഃപരിശോധിക്കണമെന്നും അയർലൻഡ് ആവശ്യപ്പെടുന്നുണ്ട്.
ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം ഏകദേശം 50 ബില്യൺ ഡോളറിലെത്തിയിരുന്നു. രാജ്യാന്തര നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകണമെന്നും യോഗത്തിന് ശേഷം സംസാരിച്ച ഐറിഷ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റി വ്യക്തമാക്കി. എന്നാൽ യോഗത്തിൽ ഇറക്കുമതി ഉപരോധം സംബന്ധിച്ച് ഇ.യു വിദേശകാര്യ നയമേധാവി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഇറക്കുമതി ലൈസൻസിങ് സംവിധാനം, കനത്ത തീരുവ ചുമത്തൽ, അല്ലെങ്കിൽ സമ്പൂർണ്ണ നിരോധനം എന്നീ മൂന്ന് ഓപ്ഷനുകളാണ് ചർച്ചയിലുള്ളതെന്ന് ജൂലൈയിൽ നടന്ന മുൻ യോഗത്തിൽ കല്ലാസ് വ്യക്തമാക്കിയിരുന്നു. നിരോധനത്തിന് ശക്തമായ പിന്തുണ ലഭിച്ചെങ്കിലും ഇതിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. വ്യാപാര നിയന്ത്രണങ്ങൾക്ക് ഏകകണ്ഠമായ തീരുമാനം വേണോ അതോ ഭൂരിപക്ഷ വോട്ടെടുപ്പ് മതിയോ എന്ന കാര്യത്തിലും അംഗരാജ്യങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതേസമയം യോഗം നടന്ന വേദിക്ക് പുറത്ത് ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്നും ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധക്കാരും ഒത്തുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.