സോനു സൂദ്
‘നേപ്പാൾ, നിങ്ങൾ ഒറ്റക്കല്ല’; പ്രളയബാധിതർക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം സോനു സൂദ്
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോകുന്ന നേപ്പാളിന് പിന്തുണയുമായി ബോളിവുഡ് താരം സോനു സൂദ് നേരിട്ടെത്തി. പ്രളയത്തിൽ വീടും സർവ്വസ്വവും നഷ്ടപ്പെട്ട ജനങ്ങൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോനു സൂദ് നേപ്പാളിൽ സന്ദർശനം നടത്തി. ദുരന്തബാധ്യതരായ ജനങ്ങളെ നേരിൽ കണ്ട താരം, അവർക്ക് പുതിയൊരു തുടക്കം നൽകാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി. തന്റെ സന്ദർശനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
“അവർക്ക് അവരുടെ വീടുകളും കുടുംബങ്ങളും ബാല്യകാലവുമാണ് നഷ്ടപ്പെട്ടത്... എന്നാൽ ഒരുമിച്ച് നിന്ന് നമുക്കവർക്ക് പുതിയൊരു തുടക്കം കണ്ടെത്താൻ സഹായിക്കാം. നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല” - സോനു സൂദ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇന്ത്യയിൽ നിന്ന് ധാരാളം അവശ്യസാധനങ്ങളുമായാണ് താൻ എത്തിയതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സോനു സൂദ് വ്യക്തമാക്കി. “കഷ്ടപ്പെടുന്ന ജനങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ ജീവിതം തിരികെ കൊടുക്കാനുമാണ് ഞങ്ങൾ ഇവിടെയെത്തിയത്. നമ്മുടെ ഓരോരുത്തരുടെയും കടമയാണിത്. ധാരാളം കമ്പിളികളും ഭക്ഷണസാധനങ്ങളും ഞങ്ങൾ എത്തിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ മറ്റ് സാധനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് ഇന്ത്യയിൽ നിന്ന് എത്തിച്ചുനൽകുമെന്നും സോനു സൂദ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് ചെറിയൊരു വെല്ലുവിളിയാണ്, കാരണം ഇതിന് ധാരാളം ആളുകൾ ആവശ്യമാണ്. ഈ മാസം മാത്രമല്ല, വരുന്ന മാസങ്ങളിലും തുടർച്ചയായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഞങ്ങൾ ഉറപ്പാക്കും” - സോനു സൂദ് പറഞ്ഞു. താരത്തിന്റെ ഈ കാരുണ്യ പ്രവർത്തനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. “ഞങ്ങളുടെ യഥാർത്ഥ ഹീറോ”, “യഥാർത്ഥ ജീവിതത്തിലെ മിശിഹാ” എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
നേപ്പാളിലുണ്ടായ പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ (NDRRMA) കണക്കുകൾ പ്രകാരം, ദുരന്തത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വിദേശ പൗരന്മാരുൾപ്പെടെയുള്ളവർ കാണാതായവരുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.