ഹുർമുസ് ഇനി ‘ട്രംപ് കടലിടുക്ക്’; വിവാദ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സങ്കീർണമായി തുടരുന്നതിനിടയിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റണമെന്ന നിർദ്ദേശവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സ്വന്തം സോഷ്യൽ മീഡിയ ശൃംഖലയായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവാദ നിർദ്ദേശം മുന്നോട്ടുവെച്ചത്.

‘ഇപ്പോൾ അത് യു.എസ്.എയുടെ പൂർണ നിയന്ത്രണത്തിലായ സാഹചര്യത്തിൽ, ഹുർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റേണ്ടതുണ്ടോ??? അമേരിക്കയെപ്പോലെതന്നെ ഇതും എന്നത്തേക്കാളും ‘ചൂടുള്ളതായി’ മാറും!’ എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിന് പിന്നാലെ ട്രംപിന്റെ നിർദ്ദേശത്തെ പൂർണമായി പിന്തുണച്ച് വൈറ്റ് ഹൗസും രംഗത്തെത്തി. ‘കേൾക്കാൻ നല്ല സുഖമുള്ള പേര്’ എന്ന കുറിപ്പോടെ വൈറ്റ് ഹൗസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിൽ കടലിടുക്കിന്റെ പുതിയ ഭൂപടം ഉൾക്കൊള്ളുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായ പേരുകൾ മാറ്റുന്ന ട്രംപിന്റെ നീക്കങ്ങളിലൊന്നാണിത്. കാനഡയുമായുള്ള വ്യാപാര യുദ്ധത്തിനിടയിൽ ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റാൻ ഉത്തരവിട്ട് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനം.

കഴിഞ്ഞ ജനുവരിയിൽ രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റ ആദ്യ ദിവസംതന്നെ മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് ട്രംപ് പുനർനാമകരണം ചെയ്തിരുന്നു. എൺപതുകാരനായ യു.എസ് പ്രസിഡന്റിന്റെ ഇത്തരം പല ഭൂമിശാസ്ത്രപരമായ പേരുമാറ്റങ്ങളും ആദ്യം തമാശരൂപേണ പറയുന്ന കാര്യങ്ങളാണെന്ന് തോന്നുമെങ്കിലും പിന്നീട് അവ അദ്ദേഹം ഔദ്യോഗിക ഉത്തരവുകളിലൂടെ യാഥാർഥ്യമാക്കുകയാണ് പതിവ്.

ഹുർമുസ് കടലിടുക്കിൽ പരമാധികാരം സ്ഥാപിക്കുമെന്ന് സമീപകാല ആഴ്ചകളിൽ ട്രംപ് ആവർത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. ഈ പ്രദേശം ‘പുതിയ യു.എസ് ഭൂപ്രദേശം’ ആയി ചിത്രീകരിക്കുന്ന ഒരു ഭൂപടവും അദ്ദേഹം മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഇസ്രായേലുമായി ചേർന്ന് ട്രംപ് ആരംഭിച്ച യുദ്ധത്തിന് പ്രതികാരമായി ഇറാൻ ഈ സുപ്രധാന കടലിടുക്ക് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്.

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് അതീവ പ്രാധാന്യമുള്ള ഈ ചാനലിലൂടെയാണ്. കടലിടുക്കിന് സമീപം ഇറാൻ പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ചൊവ്വാഴ്ച യു.എസ് സേന പുതിയ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. യു.എസ് ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - Trump Wants Strait Of Hormuz Renamed As Trump Strait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.