തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയും ഭരണകൂടവും തമ്മിൽ വൻ ഭിന്നത നിലനിൽക്കുന്നുവെന്ന വിദേശ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പരമോന്നത നേതാവുമായി താൻ നടത്തിയ കൂടിക്കാഴ്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്നും വലിയ കാരുണ്യത്തോടെയും യുക്തിഭദ്രമായ നിലപാടുകളോടെയുമാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്നും പെസഷ്കിയാൻ വ്യക്തമാക്കി.
‘നിലവിലെ അസാധാരണ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ചില വിനാശകാരികൾ പരമോന്നത നേതാവിനെക്കുറിച്ച് തെറ്റായ ചിത്രീകരണവും വ്യാജ പ്രചാരണങ്ങളും നടത്താൻ ശ്രമിക്കുകയാണ്’-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രസിഡന്റിന് പരമോന്നത നേതാവ് ‘അവസാന മുന്നറിയിപ്പ്’ നൽകിയതായും നയതന്ത്ര ചർച്ചകളിലും യുദ്ധവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിലും ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ അഹമ്മദ് വാഹിദിന് ഖാംനഈ പൂർണ പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ ഭരണകൂടത്തിനുള്ളിലെ തർക്കങ്ങൾക്കിടെ പെസഷ്കിയാന്റെ പ്രധാന രാഷ്ട്രീയ സ്വാധീനം പരമോന്നത നേതാവ് ഇല്ലാതാക്കിയതായി തെഹ്റാനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി വാർത്താ ചാനലായ ‘ചാനൽ 14’ റിപ്പോർട്ട് ചെയ്തു. മുൻകാലങ്ങളിൽ നയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നപ്പോൾ രാജി ഭീഷണി ഉയർത്തിയിരുന്ന പ്രസിഡന്റിനോട് വീണ്ടും രാജിസന്നദ്ധത അറിയിച്ചാൽ തടയില്ലെന്ന നിലപാടാണ് ഖാനഈയി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മേയിൽ ദേശീയ സുരക്ഷാ, വിദേശകാര്യ നയരൂപവത്കരണങ്ങളിൽ നിന്ന് തന്റെ ഭരണകൂടത്തെ പൂർണമായും പാർശ്വവത്കരിച്ചുവെന്ന് ആരോപിച്ച് പെസഷ്കിയാൻ ഔദ്യോഗികമായി രാജി സമർപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖാാഇൗയുടെ നിലവിലെ കടുത്ത നിലപാട് രാജ്യത്തെ സൈനിക വിഭാഗവുമായുള്ള അദ്ദേഹത്തിന്റെ പൂർണ്ണ ഐക്യദാർഢ്യത്തെയാണ് കാണിക്കുന്നതെന്നും, ഇത് പെസഷ്കിയാന് തന്ത്രപ്രധാനമായ നയരൂപീകരണങ്ങളിൽ ഇടപെടാനുള്ള അവസരം ഗണ്യമായി കുറച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ഇറാൻ-യു.എസ് സംഘർഷം മേഖലയിൽ കനത്ത ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹുർമുസ് തുറക്കാൻ ഇറാനുമായി ചർച്ച മികച്ച നിലയിൽ പുരോഗമിക്കുകയാണെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മധ്യസ്ഥരായ ഒമാനുമായാണ് ഇറാൻ ചർച്ചനടത്തുന്നത്. ഹുർമുസിനുമേൽ പൂർണ അധികാരവും യു.എസ് ഉപരോധം എടുത്തുകളയലുമാണ് ഇറാൻ ആവശ്യം. ഇറാനോടു ചേർന്ന ഭാഗത്തുകൂടി മാത്രം കപ്പലുകൾ അകത്തുകടക്കുംവിധം യാത്ര ഉറപ്പാക്കും. പുറത്തുകടക്കാൻ ഒമാനോട് ചേർന്ന ഭാഗവും ഉപയോഗിക്കാൻ അനുവദിക്കും. ഇതിന് അനുകൂലമായ നിലപാട് ചർച്ചകളിൽ രൂപപ്പെട്ടതായി സൂചനയുണ്ട്.
ഈയാഴ്ചയോടെ ഹുർമുസ് വഴി ചരക്കുകടത്ത് സാധ്യമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയുമായി ചർച്ചക്കില്ലെന്നും ഒമാനുമായി മാത്രമേ സംഭാഷണമുള്ളൂവെന്നുമാണ് ഇറാൻ നിലപാട്. ഖത്തറും ചർച്ചകളുടെ ഭാഗമാണ്.
ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ഏറ്റവും കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാൽ, ദീർഘദൂര മിസൈലുകളുടെ ആഗോള ശേഖരം മൊത്തമായും ഇറാനിൽ അമേരിക്ക ഉപയോഗിച്ചുകഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് ഹൂതികൾ പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കി. ഒരു സൗദി എണ്ണക്കപ്പൽ കൂടി ഹൂതികൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, ദിവസങ്ങൾക്കിടെ എട്ടാം കപ്പലാണ് ആക്രമിക്കപ്പെടുന്നത്. സൗദിയുടെ മാത്രം 29 കപ്പലുകൾ തടഞ്ഞതായി ഹൂതി സംഘടനയായ അൻസാറുല്ലാഹ് അറിയിച്ചു. യമനുമേലുള്ള ഉപരോധം അവസാനിപ്പിക്കും വരെ എല്ലാ സൗദി കപ്പലുകളും തടഞ്ഞിടുമെന്നാണ് ഹൂതി ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.