തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം; യു.എൻ സഭയിൽ നിലപാട് ആവർത്തിച്ച് ഒമാൻ

മസ്കത്ത്/ന്യൂയോർക്ക്: തർക്കങ്ങൾക്ക് സമാധാനപരവും സമവായത്തിലൂടെയുമുള്ള പരിഹാരം കണ്ടെത്തുകയെന്നതാണ് തങ്ങളുടെ ഉറച്ച സമീപനമെന്ന് യു.എൻ സഭയിൽ നയം ആവർത്തിച്ച് ഒമാൻ. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 81-ആമത്  സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് സുൽത്താനേറ്റിന്റെ ഔദ്യോഗിക നയം വ്യക്തമാക്കിയത്. 

ഏവർക്കും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും സാമ്പത്തിക വികസനവും ജനങ്ങളുടെ ഐശ്വര്യവും കൈവരിക്കാനും സഹായിക്കുന്ന മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമാണ് ഈ നയമെന്നും ഒമാൻ  വ്യക്തമാക്കി.  അഭിപ്രായവ്യത്യാസങ്ങളെ മറികടക്കാനും വിശ്വാസവും പരസ്പര ധാരണയും വളർത്താനും പ്രതിസന്ധികൾക്ക് പരിഹാരം കാണാനുമുള്ള ഏറ്റവും മികച്ച മാർഗം ചർച്ചയാണെന്ന് സയ്യിദ് ബദർ പറഞ്ഞു.

 

രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും മാനിച്ചുകൊണ്ട്, യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും മുൻനിർത്തി മുന്നോട്ടുപോകുന്നത് അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ആത്മവിശ്വാസവും സഹകരണവും വളർത്തുന്നതിനും ശക്തമായ അടിത്തറയേകും. ബലപ്രയോഗങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഒഴിവാക്കാമായിരുന്ന ഒരു യുദ്ധത്തിനായിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിൽ നമ്മുടെ മേഖല സാക്ഷ്യം വഹിച്ചത്. തുടർന്നുണ്ടായ സംഭവവികാസങ്ങൾ മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുകയും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് ഊർജ സുരക്ഷയെയും വിലസ്ഥിരതയെയും ബാധിച്ചതിനൊപ്പം നിലവിലെ അന്താരാഷ്ട്ര വ്യവസ്ഥിതിയിലുള്ള വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കും 

അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ സമുദ്ര നിയമ കൺവെൻഷനും വിധേയമായി, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഒമാൻ സുൽത്താനേറ്റ് സജീവമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.  ഈ ശ്രമങ്ങളോട് എല്ലാ കക്ഷികളും സഹകരിക്കണം.   ജി.സി.സി അംഗരാജ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളും അവരുടെ സുരക്ഷ നിലനിർത്തുന്നതിനും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനും സ്വീകരിക്കുന്ന നിയമപരമായ നടപടികൾക്ക് ഒമാൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും  വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ കക്ഷികളും ആത്മസംയമനവും ദീർഘവീക്ഷണവും പുലർത്തണമെന്നും ചർച്ചകളിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ രാഷ്ട്രീയ പരിഹാരങ്ങളിൽ എത്തിച്ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ഒമാൻ സുൽത്താനേറ്റ് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു.  

ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു

വിവിധ അറബ് രാജ്യങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഫലസ്തീൻ ജനതക്കു നേരെ വർധിച്ചുവരുന്ന ഇസ്രായേൽ അധിനിവേശ ശക്തികളുടെ അതിക്രമങ്ങളും ലംഘനങ്ങളും അവരുടെ ദുരിതം ഇരട്ടിയാക്കുകയാണ്.  ജന്മനാടിന്റെ മോചനത്തിനായുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഒമാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

വിദ്വേഷ പ്രസംഗങ്ങൾ, വംശഹത്യ, അതിനുള്ള പ്രകോപനങ്ങൾ എന്നിവയെ ചെറുക്കുന്നതിനായി ഒമാൻ ‘മസ്‌കത്ത്’ പ്ലാൻ’ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ 11-ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ യു.എൻ സെക്രട്ടറി ജനറലാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ നയത്തിന്റെ തുടർച്ചയായി, അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങിന് വരും ദിവസങ്ങളിൽ മസ്‌കത്ത് ആതിഥേയത്വം വഹിക്കും. യുഎന്നുമായും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് കൂടുതൽ പങ്കാളിത്തങ്ങൾക്കും പദ്ധതികൾക്കും വഴിതുറക്കാൻ ഈ ചടങ്ങിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Oman reiterates stance at UN for peaceful resolution to disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.