കുടിയേറ്റ കേന്ദ്രങ്ങളിലെ വ്യാപാര നിരോധനം; ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ പദവി റദ്ദാക്കി ഇസ്രായേൽ
തെൽ അവീവ്: വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലേം, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് നെതർലാൻഡ്സ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുമായി ഇസ്രായേൽ. റാമല്ലയിൽ സേവനമനുഷ്ഠിക്കുന്ന ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥർ തങ്ങൾക്ക് ഇസ്രായേൽ നൽകിയ നയതന്ത്ര രേഖകളും പദവിയും ഏഴ് ദിവസത്തിനകം തിരികെ നൽകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടു.
ഈ കാലാവധി അവസാനിക്കുന്നതോടെ ഇസ്രായേൽ നൽകിയ നയതന്ത്ര ആനുകൂല്യങ്ങളും റദ്ദാക്കപ്പെടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ എക്സിലൂടെ അറിയിച്ചു. ഫലസ്തീനികളുമായി ബന്ധപ്പെട്ട താപര്യങ്ങൾ പ്രതിനിധീകരിക്കാൻ നെതർലാൻഡ്സ് ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇസ്രായേലിന്റെ മണ്ണിൽ നിന്നാകാതെ ഫലസ്തീൻ അതോറിറ്റിയുടെ പ്രദേശത്തുനിന്നും ചെയ്യട്ടെയെന്ന് മന്ത്രി വ്യക്തമാക്കി.
തങ്ങൾക്ക് ഹാനികരമായ നടപടികളെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, ഇസ്രായേലിനെതിരെ ശത്രുതാപരമായി പ്രവർത്തിക്കുന്ന ഏത് രാജ്യത്തിനും ഈ മേഖലയിലെ സ്വാധീനം നഷ്ടപ്പെടുമെന്നും സാർ മുന്നറിയിപ്പ് നൽകി. നെതർലാൻഡ്സിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധതയെയും പ്രകോപനങ്ങളെയും തടയുന്നതിൽ ഡച്ച് സർക്കാർ പരാജയപ്പെട്ടെന്നും, അവരുടെ ഇസ്രായേൽ വിരുദ്ധ നയങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെ ഈ പുതിയ തീരുമാനം ഡച്ച് നയതന്ത്ര കാര്യാലയത്തിന്റെ പ്രവർത്തനം പൂർണമായി നിരോധിക്കില്ലെങ്കിലും, ഉദ്യോഗസ്ഥർക്ക് വെസ്റ്റ് ബാങ്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം നഷ്ടപ്പെടും. കൂടാതെ, ഭീകരവാദവുമായി ബന്ധമുള്ള ഫലസ്തീനികളുമായി ഇവർ കൂടിക്കാഴ്ച നടത്തുകയാണെങ്കിൽ അത് നിയമനടപടികൾക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. കുടിയേറ്റ ഉൽപന്നങ്ങൾക്കെതിരായ ഡച്ച് ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകമാണ് ഈ നയതന്ത്ര നീക്കം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ നെതർലാൻഡ്സിൽ പുതിയ നിയമം നടപ്പിലാക്കിവരുന്നുണ്ട്. അനധികൃത ഇസ്രായേൽ സെറ്റിൽമെന്റുകളായി കണക്കാക്കുന്ന പ്രദേശങ്ങളിൽ നിർമിക്കുന്നതോ ശേഖരിക്കുന്നതോ ആയ ഉൽപന്നങ്ങളുടെ ഇറക്കുമതിയാണ് ഡച്ച് അധികാരികൾ ഈ നിയമം വഴി നിരോധിച്ചിരിക്കുന്നത്. വാണിജ്യപരമായ ഇറക്കുമതിക്ക് മാത്രമല്ല, വിനോദസഞ്ചാരികൾ സമ്മാനങ്ങളായോ സുവനീറുകളായോ കൊണ്ടുപോകുന്ന വസ്തുക്കൾക്കും ഈ നിരോധനം ബാധകമാണ്.
അതേസമയം, ഇസ്രായേലിന്റെ അംഗീകരിക്കപ്പെട്ട അതിർത്തിക്കുള്ളിൽ നിർമിക്കുന്ന സാധനങ്ങളെ ഈ നിരോധനം ബാധിക്കില്ലെന്ന് ഡച്ച് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ഡച്ച് നിയന്ത്രണങ്ങൾക്കെതിരെ യു.എസിലെ ഇസ്രായേൽ അംബാസഡർ മൈക്ക് ഹക്കാബി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ഇതാദ്യമായല്ല നെതർലാൻഡ്സിന്റെ നയങ്ങൾക്കെതിരെ ഇസ്രായേൽ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് അവസാനത്തിൽ, നെതർലാൻഡ്സ് ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം ഉൾപ്പെടെയുള്ള ഇസ്രായേൽ വിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി, കിര്യത് ഗാറ്റിലെ യു.എസ് പിന്തുണയുള്ള അന്താരാഷ്ട്ര ഗസ്സ കോർഡിനേഷൻ സെന്ററിൽ നിന്ന് ഡച്ച് പ്രതിനിധികളെ ഇസ്രായേൽ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അനുമതിയോടെയായിരുന്നു ഈ നടപടി.
അതേസമയം ഇസ്രായേൽ സെറ്റിൽമെന്റുകളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയ നീക്കങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 8-ന് ബ്രിട്ടനും വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റുകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ സെറ്റിൽമെന്റുകളും അധിനിവേശവും നിയമവിരുദ്ധമാണെന്ന ബ്രിട്ടന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ യു.കെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കൾ കുടിയേറ്റ ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും, അതിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.