തെഹ്റാൻ: ഔദ്യോഗിക കറൻസിയായ റിയാലിന്റെ മൂല്യം കൂപ്പുകുത്തുകയും പണപ്പെരുപ്പം രൂക്ഷമാകുകയും ചെയ്തതിനെ തുടർന്ന് ധനമന്ത്രിയെ പുറത്താക്കി ഇറാൻ. അബ്ദുൽ നാസർ ഹമ്മാതിയെയാണ് പാർലമെന്റ് വോട്ടെടുപ്പിലൂടെ ഇംപീച്ച് ചെയ്തത്. 273 അംഗങ്ങളിൽ 182 പേരും ധനമന്ത്രിക്കെതിരെ വോട്ട് ചെയ്തതായി സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് പ്രഖ്യാപിച്ചു.
പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി ആറു മാസത്തിനു ശേഷമാണ് ധനമന്ത്രിയെ പുറത്താക്കുന്നത്. ധനമന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക തകർച്ചക്കും റിയാലിന്റെ മൂല്യം കുത്തനെ ഇടിയാനും കാരണമെന്ന് ആരോപണമുയർന്നിരുന്നു. പാർലമെന്റ് നടപടി അംഗീകരിച്ച പെസഷ്കിയാൻ, പശ്ചാത്യ രാജ്യങ്ങളുമായി സർക്കാർ ഏറ്റുമുട്ടലിലാണെന്നും വെല്ലുവിളികളെ നേരിടാൻ ഐക്യവും സഹകരണവും വേണമെന്ന് ആവശ്യപ്പെട്ടു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ യു.എസ് ഡോളറുമായുള്ള ഇറാൻ റിയാലിന്റെ വിനിമയ മൂല്യത്തിൽ കനത്ത ഇടിവാണ് നേരിട്ടത്. 2015ൽ ഡോളറിനെതിരെ റിയാലിന്റെ മൂല്യം 32,000 ആയിരുന്നു. നിലവിൽ ഒരു ഡോളറിന് 9,30,000 റിയാൽ എന്ന നിരക്കിലാണ് വിനിമയം ചെയ്യപ്പെടുന്നത്. 2015ൽ ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയശേഷം അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിട്ടതോടെയാണ് ഇറാന്റെ സമ്പദ്വ്യവസ്ഥ കനത്തതകർച്ചയിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.