തെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. മൂന്നു പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 60 വയസുള്ള വനിതയും 40 വയസുള്ള യുവാവുമാണ് കൊല്ലപ്പെട്ടത്.
കൂടാതെ ആക്രമണത്തിൽ 70തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 43 പേർ ചികിത്സയിലാണെന്നും 23 പേരെ വിട്ടയച്ചതായും ഷെബ മെഡിക്കൽ സെന്‍റർ അറിയിച്ചു. പരിക്കേറ്റ നാലു പേർ ചികിത്സ തേടിയതായും രണ്ടു പേർ നിരീക്ഷണത്തിലാണെന്നും ഷാമിർ മെഡിക്കൽ സെന്‍ററും വ്യക്തമാക്കി.
തെൽഅവീവിന് സമീപം രമത്ഗാനിലെ കെട്ടിട സമുച്ചത്തിലാണ് ഇറാൻ തൊടുത്ത മിസൈലുകൾ പതിച്ചത്. 150ലധികം മിസൈലുകൾ ഇറാൻ തൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടം പൂർണമായും വാഹനങ്ങളും തകർന്നിട്ടുണ്ട്.
അതേസമയം, അരാവയിൽഇറാന്‍റെ ഡ്രോൺ ഇസ്രായേൽ പ്രതിരോധ സേനയായ ഐ.ഡി.എഫ് വെടിവച്ചു വീഴ്ത്തി. ഇസ്രായേൽ ഭൂപരിധിയിലേക്ക് ഡ്രോൺ കടന്നതിന് പിന്നാലെ അപായ സൈറൺ മുഴങ്ങിയിരുന്നു. കൂടാതെ, ഇറാൻ മിസൈലുകൾ ഐ.ഡി.എഫ് മിസൈൽ പ്രതിരോധ സംവിധാനം വഴി തകർത്തിട്ടുണ്ട്.
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച വ്യോമപാത ജോർഡൻ തുറന്നു. പ്രാദേശിക സമയം രാവിലെ 7.30ന് വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ കമീഷൻ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചയും രാവിലെയുമായി ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഇറാന്‍റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് തലവൻ അടക്കം നിരവധി പ്രമുഖരാണ് കൊല്ലപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി ശംഖാനിക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഇസ്രായേൽ ആക്രമണത്തിൽ 78 പേർ മരിച്ചെന്നും 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.