തെൽ അവീവ്: തെഹ്റാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി തെൽ അവീവിൽ ഇന്ന് രാവിലെ രൂക്ഷ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ തെൽ അവീവിൽ സ്ഫോടനം ഉണ്ടായി. ബീർഷെബയിലെ അപാർട്ട്മെന്റ് ബ്ലോക്കിലാണ് മിസൈൽ പതിച്ചത്. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രായേൽ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശേഷം ബീർഷെബയിലെ ഒരു കെട്ടിടം (Magen David Adom)
അതേസമയം, ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിനു മറുപടിയുമായി ഇറാൻ രംഗത്തെത്തി. വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്നും ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
എന്നാൽ, വരും മണിക്കൂറുകളിൽ തന്നെ ഇറാൻ - ഇസ്രായേൽ വെടിനിർത്തൽ ധാരണയുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ‘12 ദിവസത്തെ യുദ്ധം’ അവസാനിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നേടിയ ഇസ്രായേലിനെയും ഇറാനെയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു -എന്നാണ് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.