നടുങ്ങി തായ്‍ലൻഡ്; വീട്ടിലും സ്കൂളിലും വെടിയുതിർത്ത് വിദ്യാർഥി; എട്ടു മരണം
ബാങ്കോക്ക്: തായ്‍ലൻഡിനെ നടുക്കി തോക്കേന്തിയ വിദ്യാർഥിയുടെ കൊടുംക്രൂരത. ആദ്യം സ്വന്തം വീട്ടിലും പിറകെ സ്കൂളിലും ഉറ്റവരെ വെടിവെച്ചുവീഴ്ത്തിയ ശേഷം 14കാരൻ സ്വയം വെടിവെച്ച് മരിച്ചു. വടക്കുപടിഞ്ഞാറൻ തായ്‍ലൻഡിലെ നൊന്താബുരി പ്രവിശ്യയിലാണ് സമീപകാലത്തൊന്നും രാജ്യം സാക്ഷിയായിട്ടില്ലാത്ത മഹാക്രൂരത അരങ്ങേറിയത്.
സ്വന്തം മുത്തശ്ശന്റെ തോക്കെടുത്ത് ആദ്യം വീട്ടിൽ മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം വിദ്യാർഥി നേരെ ഹൈസ്കൂളിലെത്തുകയായിരുന്നു. ഇവിടെ അധ്യാപകർക്കു പുറമെ ജീവനക്കാരെയും വെടിവെച്ചുവീഴ്ത്തി. അഞ്ച് അധ്യാപകരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണഭീതിയിൽ വിദ്യാർഥികൾ ക്ലാസ് മുറിയിൽ ഒളിച്ചു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പലർക്കും പരിക്കേറ്റു. 23പേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പതുപേരുടെ നില അതിഗുരുതരമാണ്. ഇതിനു ശേഷം സ്വയം വെടിവെച്ച് ഗുരുതരാവസ്ഥയിലായ 14കാരൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബാലന് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ 17കാരൻ പൊലീസിന്റെ തോക്ക് മോഷ്ടിച്ച് സ്കൂളിലെത്തി വെടിവെപ്പ് നടത്തിയിരുന്നു. ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.