മൊസ്സാദിന് വേണ്ടി സ്ഫോടനത്തിന് പദ്ധതിയിട്ട നാലുപേരെ ഇറാൻ തൂക്കിലേറ്റി

തെഹ്റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ സംഘടനയായ മൊസ്സാദിന് വേണ്ടി സ്ഫോടനം ആസൂത്രണം ചെയ്ത നാലുപേരെ ഇറാൻ തൂക്കിലേറ്റി. ഇറാഖിലെ വടക്കൻ കുർദിഷ് മേഖലയിൽ നിന്നുള്ളവരെയാണ് സുപ്രീംകോടതി അപ്പീൽ തള്ളിയതോടെ ഇന്ന് തൂക്കിലേറ്റിയത്.

ഇറാഖിൽ നിന്ന് ഇറാനിലേക്ക് അനധികൃതമായി കടന്ന നാൽവരും 2022ൽ ഇസ്ഫഹാൻ നഗരത്തിലെ ഒരു ഫാക്ടറിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. പ്രതിരോധ വകുപ്പിനും സൈന്യത്തിനും വേണ്ടി ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. എന്നാൽ, ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും തമ്മിൽ ബന്ധം പാടെ വഷളായ സാഹചര്യത്തിലാണ് മൊസ്സാദുമായി ബന്ധമുള്ളവരെ തൂക്കിലേറ്റിയത്. തങ്ങൾക്കെതിരെ പോരാടുന്ന ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ ആയുധം നൽകി പിന്തുണക്കുന്നത് ഇറാനാണെന്നാണ് ഇസ്രായേലിന്‍റെ ആരോപണം. അതേസമയം, തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി ഇറാനും ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ജോർഡനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍റെ സഹായത്തോടെയുള്ള സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആരോപിച്ചത്. തക്കതായ തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകൾ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാൻ പ്രതികരിച്ചു. 

Tags:    
News Summary - Iran executes four convicted of Israeli bomb plot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.