യുനൈറ്റഡ് നേഷൻസ്: ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശേഷി ഇറാനുണ്ടെന്ന് യു.എന്നിന്റെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനിലെ മൂന്ന് കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായെങ്കിലും എന്നാൽ, അവക്ക് സമ്പൂർണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ‘പൂർണമായും നശിപ്പിക്കപ്പെട്ടു’ എന്ന ഡോണൾഡ് ട്രംപിന്റെ വാദത്തിന് വിരുദ്ധമാണിത്. ‘വാസ്തവത്തിൽ എല്ലാം അപ്രത്യക്ഷമായി എന്നും അവിടെ ഒന്നുമില്ലെന്നും ഒരാൾക്ക് അവകാശപ്പെടാൻ കഴിയില്ല’ എന്ന് ഗ്രോസി പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് തെഹ്റാനിലെ ആണവ-സൈനിക കേന്ദ്രങ്ങൾ ജൂൺ 13ന് ഇസ്രായേൽ ആക്രമിച്ചത്. പിന്നീട് യു.എസും ആക്രമണങ്ങളിൽ പങ്കുചേർന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിങ്ങനെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനുശേഷമുള്ള നാശനഷ്ടത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമല്ല.
എന്നാൽ, ഇറാന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കാൻ കഴിയുമെന്നാണ് ബി.ബി.സിയുടെ യു.എസ് മാധ്യമ പങ്കാളിയായ സി.ബി.എസ് ന്യൂസിനോട് ഗ്രോസി പറഞ്ഞത്. ഇറാന് ഇപ്പോഴും വ്യാവസായികവും സാങ്കേതികവുമായ ശേഷികൾ ഉണ്ട്. അതിനാൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഇത് വീണ്ടും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ കഴിവുകൾ ഇപ്പോഴും തുടരാനാകുമെന്ന് നിർദേശിക്കുന്ന ആദ്യത്തെ സ്ഥാപനമല്ല ഐ.എ.ഇ.എ. ഈ ആഴ്ച ആദ്യം പുറത്തുവന്ന പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തലിൽ യു.എസ് ആക്രമണങ്ങൾ പദ്ധതിയെ മാസങ്ങളോളം പിന്നോട്ടടിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്ന് കണ്ടെത്തി. ഇതെ തുടർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന് ട്രംപ് രോഷത്തോടെ മറുപടി നൽകി, ‘ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളിൽ ഒന്നിനെ അപമാനിക്കാനുള്ള ശ്രമം’ എന്ന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.