ഡോണാൾഡ് ട്രംപ്

ബ്രോ കളി തീരുമാനിക്കുന്നത് ഞങ്ങളാണ്, ‘പിക്ചർ അഭി ബാക്കി ഹേ’; ട്രംപിനെ വെല്ലുവിളിച്ച് ഇറാനിയൻ കോൺസുലേറ്റ്

മുംബൈ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരിന് വേദിയാകുകയാണ്. ആഗോള ഊർജ്ജ പാതകളിൽ നിർണായകമായ ഹുർമുസ് കടലിടുക്കിന്മേൽ തങ്ങൾക്കുള്ള തന്ത്രപരമായ മേധാവിത്വം ഓർമിപ്പിച്ചുകൊണ്ട് മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റ് രംഗത്തെത്തിയതാണ് ഒടുവിലത്തെ സംഭവം.

എക്സിലൂടെയാണ് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ആഗോള ഇന്ധന വിതരണത്തിലും നാവിക ആധിപത്യത്തിലും ഹുർമുസ് കടലിടുക്കിന്റെ പങ്കിനെക്കുറിച്ചാണ് കോൺസുലേറ്റ് പോസ്റ്റിൽ പരാമർശിച്ചത്. ‘നാവിക വ്യൂഹങ്ങളെ തകർത്താലും ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് ആത്യന്തികമായി കളി തീരുമാനിക്കുന്നത് എന്ന കാര്യം ബ്രോ മറന്നുപോയിരിക്കുന്നു’ എന്നാണ് കോൺസുലേറ്റ് കുറിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധവുമായി ബന്ധപ്പെട്ട സമയപരിധി കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇസ്‌ലാമാബാദിൽ നടന്ന ഉന്നതതല സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. നിലവിൽ ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുള്ളതുമായ കപ്പൽ ഗതാഗതം അമേരിക്കൻ സൈന്യം നിയന്ത്രിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇറാനിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടുത്തിക്കൊണ്ട് രാജ്യത്തെ സാമ്പത്തികമായി തളർത്താനാണ് അമേരിക്കയുടെ നീക്കം.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിൽ ഒന്നാണ് ഹുർമുസ് കടലിടുക്ക്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. ഇതിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നത് അമേരിക്കക്ക് വലിയ വെല്ലുവിളിയാണ്. ഇവിടെ ഒരു തടസ്സമുണ്ടായാൽ അത് ആഗോള ഇന്ധനവില കുതിച്ചുയരുന്നതിനും ലോക സമ്പദ്‌വ്യവസ്ഥയിൽ വൻ ആഘാതമുണ്ടാക്കുന്നതിനും കാരണമാകും. അമേരിക്കയുടെ സൈനിക കരുത്തിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇറാന്റെ ഈ നീക്കം പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുമോ എന്ന ആശങ്കയിലാണ് ലോകം. കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടാൽ അത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കും.

Tags:    
News Summary - Iran Consulate in Mumbai mocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.