അമേരിക്കക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ് 35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുടെ എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ. മധ്യ ഇറാനിലെ ആകാശപരിധിയിൽ വെച്ച് വിമാനം തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകർത്തതായി ഇറാൻ അവകാശപ്പെടുന്നത്.

ഐ.ആർ.ജി.സിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം പൂർണ്ണമായും തകർന്ന് നിലംപതിച്ചതായും സ്ഫോടനത്തിന്റെ ആഘാതം കാരണം പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ പൈലറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം ഇറാന്റെ ഈ അവകാശവാദത്തോട് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ നടന്ന സമാനമായ സംഭവത്തിൽ സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാൽ ഇറാന്റെ പുതിയ അവകാശവാദം ശരിയാണെങ്കിൽ അത് അമേരിക്കയുടെ വ്യോമമേധാവിത്വത്തിന് ഏൽക്കുന്ന വലിയ തിരിച്ചടിയായിരിക്കും.

തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങൾക്ക് അനുമതി നൽകുന്ന പ്രമേയത്തിന്മേൽ ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. മേഖലയിൽ പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി.

യു.എസ് സൈനിക നേതൃത്വത്തിലും വലിയ മാറ്റങ്ങളാണ് ഇതിനിടെ സംഭവിക്കുന്നത്. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്തിന്റെ ഈ അപ്രതീക്ഷിത നടപടി.

Tags:    
News Summary - Iran Claims Second US F-35 Fighter Jet Shot Down, Pilot's Survival Unlikely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.