ഇന്ത്യൻ നടപടികൾ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാക്കും -ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: കനേഡിയൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ പിൻവലിക്കാനുള്ള  ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പരാമർശം. വലിയ ബുദ്ധിമുട്ടുകളാണ് ഇന്ത്യയുടെ നടപടികൾ മൂലം ഇന്ത്യയിലേയും കാനഡയിലേയും ജനങ്ങൾക്ക് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഇന്ത്യയുടെ പ്രവർത്തിയെന്നും ട്രൂഡോ പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളുള്ള ലക്ഷക്കണക്കിന് കനേഡിയൻ പൗരൻമാരുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഇന്ത്യയുടെ നടപടി യാത്രകളേയും വ്യാപാരത്തേയും ബാധിക്കും. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും അത് തിരിച്ചടിയാകുമെന്ന് ട്രൂഡോ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം.

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡയിലേക്ക് മടങ്ങും. ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് 21 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നും മെലാനി ജോളി പറഞ്ഞു.

നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽകാലികമായി നിർത്തി വെക്കേണ്ടിവരും. കോൺസുലേറ്റിന്‍റെ സഹായം ആവശ്യമുള്ള കനേഡിയൻ പൗരന്മാർക്ക് ഡൽഹിയിലെ ഹൈക്കമീഷനുമായി നേരിട്ടോ ഫോൺ, ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - India's actions making life hard for millions: Trudeau after diplomats removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.