സിഡ്നി: ആസ്ട്രേലിയയിൽ മസാജ് തെറാപ്പിയുടെ മറവിൽ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് 13 വർഷവും 10 മാസവും തടവ്. അഡലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്ത ഡൽഹി സ്വദേശി സുമിത് സതീഷ് റസ്തോഗിക്ക് (39) ആണ് സൗത്ത് ഓസ്ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്.
2021 ഒക്ടോബറിനും 2022 ജൂലൈക്കും ഇടയിലുള്ള 9 മാസ കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലുള്ള മസാജ് സെന്ററിൽ എത്തിയ 61 സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.
ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) തുടങ്ങി 97 ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2011ലാണ് സുമിത് അഡലെയ്ഡിലെത്തിയത്. ആവശ്യമായ യോഗ്യതകളില്ലാതെയാണ് പ്രതി മസാജ് പാർലർ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്ക് മറ്റുള്ളവരുടെ നഗ്നത രഹസ്യമായി കണ്ട് ലൈംഗിക സംതൃപ്തി അടയുന്ന 'വോയറിസ്റ്റിക് ഡിസോർഡർ' എന്ന മാനസികാവസ്ഥയുള്ളതായി മനോരോഗ വിദഗ്ധർ കോടതിയെ അറിയിച്ചു. എന്നാൽ ഇത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കുറ്റകൃത്യം തെളിഞ്ഞതിനെ തുടർന്ന് ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.