യു.എസിലെ ഇന്ത്യൻ വംശജർക്ക് ട്രംപിനേക്കാൾ താൽപര്യം ബൈഡനെ എന്ന് സർവെ ഫലം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഭൂരിപക്ഷം ഇന്ത്യൻ വംശജർക്കും ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസിനും വോട്ട് ചെയ്യാനാണ് താൽപര്യമെന്ന് സർവേ ഫലം. 72 ശതമാനം ഇന്ത്യൻ വംശജർ ജോ ബൈഡനും 22 ശതമാനം പേർ ഡോണൾഡ് ട്രംപിനും വോട്ട് രേഖപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചു. മൂന്നു ശതമാനം പേർ മൂന്നാമതൊരു സ്ഥാനർഥിക്കും മൂന്നു ശതമാനം പേർ വോട്ട് ചെയ്യുന്നില്ലെന്ന നിലപാടും സ്വീകരിച്ചതായി 2020 ഇന്ത്യൻ അമേരിക്കൻ അറ്റിറ്റ്യൂഡ് സർവെ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 1നും 20നും ഇടയിൽ 936 ഇന്ത്യൻ വംശജരായ യു.എസ് പൗരന്മാരിലാണ് സർവെ നടത്തിയത്. പോളിങ് കമ്പനിയായ യൂഗോവുമായി സഹകരിച്ച് കാർനെഗീ എൻ‌ഡോവ്‌മെന്‍റ് ഫോർ ഇന്‍റർനാഷണൽ പീസ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, പെൻ‌സിൽ‌വാനിയ യൂണിവേഴ്സിറ്റി എന്നിവരാണ് സർവെ സംഘടിപ്പിച്ചത്.

ഇന്ത്യൻ-അമേരിക്കൻ വംശജർ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരാണെങ്കിലും ഡെമോക്രാറ്റിക് ടിക്കറ്റിൽ മൽസരിക്കുന്ന കമല ഹാരിസിന്‍റെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യും. കൂടാതെ, കമലയുടെ മാതാവ് ഇന്ത്യയിലെ നിന്ന് കുടിയേറിയതാണെന്ന യാഥാർഥ്യം കനത്ത പോരാട്ടം നടക്കുന്ന പെൻ‌സിൽ‌വാനിയ, ഫ്ലോറിഡ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിൽ ബൈഡനെ തുണക്കുമെന്നാണ് വിലയിരുത്തൽ.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അവരുടെ പ്രാധാന്യം യു.എസ് രാഷ്ട്രീയത്തിൽ ഇന്ത്യൻ -അമേരിക്കക്കാരുടെ വർധിച്ചു വരുന്ന സ്വാധീനത്തെ ഉയർത്തിക്കാട്ടുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമായ ഇന്ത്യൻ-അമേരിക്കൻ വംശജർ രാജ്യത്ത് വലിയ പിന്തുണ നേടുന്നുണ്ട്. സ്കൂൾ ബോർഡ് മുതൽ കോൺഗ്രസ് വരെ രാഷ്ട്രീയ സഹായങ്ങൾ നൽകുന്നതിനും സ്ഥാനാർഥികളെയും വിവധ പ്രശ്നങ്ങളെയും പിന്തുണക്കുന്നതിനും ഇന്ത്യൻ വംശജർ മുന്നിട്ടുനിൽക്കുന്നു.

Tags:    
News Summary - Indian Americans prefer Biden as President over Trump: Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.