ന്യൂഡൽഹി: യു.എസിലെ വ്യോമതാവളം തിരിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ ഇന്ത്യ എതിർത്തു. ഇതാദ്യമായാണ് ഇന്ത്യ, ചൈനയുടെയും പാകിസ്താന്റെയും റഷ്യയുടെയും ഒപ്പം താലിബാൻ സർക്കാറിന്റെ നിലപാടിനെ പിന്തുണക്കുന്നത്. അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട നയതന്ത്ര വേദിയായ മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻസിലാണ് ഇന്ത്യ യു.എസ് നിലപാടിനെ എതിർത്തത്. വ്യോമതാവളം തിരിച്ചുപിടിക്കാനും ആയുധങ്ങൾ സ്ഥാപിക്കാനുമുള്ള യു.എസ് നീക്കം മേഖലയുടെ സമാധാനത്തിനും സ്ഥിരിതക്കും ഭീഷണിയാണെന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കുകയായിരുന്നു. ഇറാൻ അടക്കം ആറ് രാജ്യങ്ങൾ ഫോർമാറ്റിൽ അംഗങ്ങളാണ്. മോസ്കോ ഫോർമാറ്റിന്റെ ഏഴാമത് യോഗത്തിൽ അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, കസാക്കിസ്താൻ, ചൈന, കിർഗിസ്താൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ആദ്യമായാണ് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുക്കുന്നതെന്ന് മോസ്കോ ഫോർമാറ്റ് പ്രസ്താവനയിൽ അറിയിച്ചു.
ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ തൊട്ടടുത്ത വ്യോമതാവളം നഷ്ടപ്പെടുത്തിയതിൽ അദ്ദേഹം മുൻ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു. അഫ്ഗാനിൽ നിന്ന് യു.എസ് സേന പൂർണമായും പിന്മാറി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ട്രംപ് ആവശ്യമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.