മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവെച്ച തന്ത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (സെപ- സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഡിസംബർ 18ന് മസ്കത്തിൽവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. ഇരുഭാഗത്തെയും ആഭ്യന്തര ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ നടപ്പാകുന്നതെന്ന് ഇന്ത്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വഴി ടെക്സ്റ്റൈൽസ്, ലെതർ, പ്ലാസ്റ്റിക്, സമുദ്രോൽപന്നങ്ങൾ, ഓട്ടോമൊബൈൽ, കായിക വിനോദ സാമഗ്രികൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ പ്രത്യേക നികുതി ഇളവുകളോടെ വലിയ മുൻഗണന ലഭിക്കുമെന്ന് മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. കരാർ നിലവിൽ വന്നതിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളും സ്വർണ-രത്ന ആഭരണങ്ങളും അടങ്ങുന്ന ആദ്യ 10 ബാച്ച് ചരക്കുകൾ പ്രത്യേക നികുതിയിളവുകളോടെ ഇന്ത്യയിൽനിന്ന് കപ്പലിൽ ഒമാനിലേക്ക് പുറപ്പെട്ടു. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ.
ഒമാന്റെ അത്യാധുനിക തുറമുഖ സംവിധാനങ്ങൾ വഴി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രവേശന കവാടമായി ഈ കരാർ മാറും. 2024-25 സാമ്പത്തിക വർഷത്തിൽ 10.61 ബില്യൺ ഡോളറായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷത്തിൽ 11.18 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.