പെറ്റൽ ഗെലോട്ട്
ജനീവ: ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിൻറെ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. യു.എൻ ജനറൽ അസംബ്ളിയിൽ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ പരാമർശങ്ങൾ നാടകീയത കലർത്തിയ അസംബന്ധമാണെന്ന് ശനിയാഴ്ച മറുപടി പ്രസംഗത്തിനിടെ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗെലോട്ട് പറഞ്ഞു. പാകിസ്താൻ തീവ്രവാദത്തെ വീണ്ടും മഹത്വവത്കരിക്കുകയാണെന്നും ഇന്ത്യ തുറന്നടിച്ചു.
വെള്ളിയാഴ്ച യു.എൻ ജനറൽ അസംബ്ളിയിൽ സംസാരിക്കവേ, ഇന്ത്യ പ്രകോപനമില്ലാതെ പാകിസ്താനെ ആക്രമിച്ചുവെന്നും തങ്ങൾ തക്കതായ മറുപടി നൽകി ചെറുത്തുനിന്നുവെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഓപറേഷൻ സിന്ദൂറിനെ പരാമർശിച്ചായിരുന്നു ഷെരീഫിന്റെ വാക്കുകൾ.
തീവ്രവാദം പാകിസ്താന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് ഇന്ത്യ മറുപടിയിൽ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടന ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ’ സംരക്ഷിക്കുന്ന, അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയ അതേ പാകിസ്താനാണ് വീരവാദം പറയുന്നതെന്ന് പെറ്റൽ പറഞ്ഞു.
‘എത്ര നാടകം കളിച്ചാലും നുണ പറഞ്ഞാലും വസ്തുതകൾ മറച്ചുവെക്കാനാവില്ല. 2025 ഏപ്രിൽ 25ന് യു.എൻ സുരക്ഷാ കൗൺസിലിൽ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദത്തിൽ നിന്ന് സംരക്ഷിച്ച അതേ പാകിസ്താനാണ് ഈ പറയുന്നത്.’-പെറ്റൽ ചൂണ്ടിക്കാട്ടി.
തീവ്രവാദം വളർത്തുന്നതിലും കയറ്റുമതി ചെയ്യുന്നതിന്റെയും പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്താൻ. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളിയായിരിക്കെ തന്നെ ഒസാമ ബിൻ ലാദന് ഒരുപതിറ്റാണ്ടോളം പാകിസ്താൻ അഭയം നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
സൈനിക സംഘര്‍ഷത്തിനിടെ ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയതായി വെള്ളിയാഴ്ച ഷഹബാസ് ഷെരീഫ് അവകാശവാദമുന്നയിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങളെ നശിപ്പിച്ച പൈലറ്റുമാരെ ‘പ്രാപ്പിടിയന്മാര്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാക് വ്യോമസേനയെ ഷെരീഫ് പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുമായുണ്ടായ യുദ്ധം പാകിസ്താൻ ജയിച്ചുവെന്നും നിലവിൽ മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ ജയിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്ന ഷെരീഫിൻറെ വാക്കുകൾ.
എന്നാൽ, പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിക്കുകയായിരുന്നുവെന്ന് ശനിയാഴ്ച നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇന്ത്യ പാകിസ്താനിൽ നടത്തിയ ആക്രമണങ്ങൾക്ക് തെളിവുണ്ട്. അതേസമയം, ആക്രമണത്തിൽ കേടുപാട് പറ്റിയ റൺവേകളും കത്തിയ വിമാനപ്പുരകളും വിജയമാണെന്ന് പാകിസ്താന് തോന്നുന്നെങ്കിൽ അത് ആസ്വദിച്ച് കൊള്ളാനും പെറ്റൽ പറഞ്ഞു. നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ തയ്യാറാണെന്ന ഷെരീഫിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി, പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ പാകിസ്താൻ തീവ്രവാദ കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും ഇന്ത്യയിൽ ആക്രമണം നടത്തിയ തീവ്രവാദികളെ കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യക്കും പാകിസ്താനുമിടക്ക് ഉള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഭീകരപ്രവർത്തനം വിഷയമാവുമ്പോൾ തീവ്രാദികളെ പോലെ തന്നെ അവരെ പിന്തുണക്കുന്നവരും ബാധ്യസ്ഥരാണ്. ആണവ ഭീഷണിയുടെ മറവിൽ ഭീകരവാദം വളർത്താൻ അനുവദിക്കില്ല. അത്തരം ഭീഷണികൾക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നാണ് രാജ്യത്തിൻറെ നിലപാടെന്നും ഇന്ത്യ മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.