വാഷിങ്ടൺ: ഇന്ത്യ-പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ദക്ഷിണേഷ്യയിലെ തീവ്രവാദം കുറക്കാൻ കഴിയുമെന്ന് മുൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. യു.എൻ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ബിലാവൽ ഭൂട്ടോയുടെ പ്രതികരണം.
റോയും ഐ.എസ്.ഐയും ഒരുമിച്ച് നിന്നാൽ തീവ്രവാദം കുറക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ആണവായുധങ്ങളുള്ള പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സംഘർഷസാധ്യത നിലവിൽ വർധിച്ചിരിക്കുകയാണ്. അതിനാൽ മേഖലയിൽ ആഗോള സമൂഹത്തിന്റെ ശ്രദ്ധപതിയണമെന്നും ഭൂട്ടോ ആവശ്യപ്പെട്ടു.
തീവ്രവാദം തടയാൻ ഇന്ത്യയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ പാകിസ്താൻ നിലപാട് വിശദീകരിക്കാൻ യു.എസിലെത്തിയപ്പോഴായിരുന്നു സർദാരിയുടെ പ്രതികരണം. ഇസ്രായേലിനെ പോലെയാണ് ഇന്ത്യ പെരുമാറുന്നത്.
ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളം ഇല്ലാതാക്കിയ നടപടി അംഗീകരിക്കാനാവില്ല. യു.എൻ കരാറുകളുടെ ലംഘനമാണ് പാകിസ്താനുള്ള വെള്ളം തടഞ്ഞതിലൂടെ ഇന്ത്യ നടത്തിയത്. കശ്മീരിലെ കശാപ്പുകാരനാണ് മോദിയെന്നും ബിലാവൽ ഭൂട്ടോ വിമർശിച്ചു.
നേരത്തെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യയും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. എം.പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഓപ്പറേഷൻ സിന്ദൂറിന് കാരണമായ സംഭവങ്ങൾ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ചെയ്തത് പോലെ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് പാകിസ്താനും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.