ന്യൂഡൽഹി: കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്ക് മൂന്നാംകക്ഷിയുടെ മധ്യസ്ഥതവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നാം കക്ഷിയുടെ സഹായം ഒരിക്കലും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് മോദി നിലപാട് അറിയിച്ചത്. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം 35 മിനിറ്റ് നീണ്ടുനിന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രിയാണ് മോദിയും ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറും പഹൽഗാം ഭീകരാക്രമണവും സംഭാഷണത്തിൽ ചർച്ചയായെന്നും മിസ്ട്രി അറിയിച്ചു. ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റിനെ മോദി ഫോണിൽ വിളിച്ച് സംസാരിച്ചത്.
പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരക്യാമ്പുകൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് ഇക്കാര്യത്തിൽ മോദി നിലപാട് അറിയിച്ചിരിക്കുന്നത്.
നേരത്തെ ട്രംപിന്റെ അവകാശവാദത്തിൽ മോദി പ്രതികരണം നടത്താത്തതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ട്രംപിന്റെ മധ്യസ്ഥത സംബന്ധിച്ച അവകാശവാദങ്ങളിൽ മോദി മൗനം വെടിയണമെന്നായിരുന്നു കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.