ന്യൂഡൽഹി: കശ്മീർ, ഭീകരത, ജലം, വ്യാപാരം എന്നിവയുൾപ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ശഹബാസ് ഷെരീഫ്. തന്റെ ചതുർ രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ എത്തിയപ്പോഴാണ് ഷെരീഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
തുർക്കിയയിൽ നിന്ന് ഇറാൻ തലസ്ഥാനത്തേക്ക് പറന്ന പാക് പ്രധാനമന്ത്രിയെ അവിടെ സാദാബാദ് കൊട്ടാരത്തിൽ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് പ്രസിഡന്‍റ് പെഷെഷ്കിയാനുമായി ചർച്ച നടത്തി. തുടർന്ന് സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച ഷെരീഫ് സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
‘കശ്മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യാപാരം, ഭീകരത എന്നിവയെക്കുറിച്ചും നമ്മുടെ അയൽക്കാരനുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്’ - അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, ഇന്ത്യ യുദ്ധത്തിന്റെ പാത തെരഞ്ഞെടുത്താൽ മറുപടി നൽകുമെന്നും ഷെരീഫ് മുന്നറിയിപ്പ് നൽകി. ‘എന്നാൽ അവർ ആക്രമണകാരികളായി തുടരാൻ തീരുമാനിച്ചാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെയ്തതുപോലെ നമ്മുടെ പ്രദേശം സംരക്ഷിക്കും. അവർ എന്റെ സമാധാന വാഗ്ദാനം സ്വീകരിച്ചാൽ ഞങ്ങൾ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും സമാധാനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കും’- അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നാല് ദിവസത്തെ യുദ്ധത്തിൽ തന്റെ രാജ്യം ‘വിജയിച്ചു’ എന്നും ഷെരീഫ് അവകാശപ്പെട്ടു.
എന്നാൽ, പാക് അധിനിവേശ കാശ്മീരിന്റെ തിരിച്ചു പിടിക്കലിലും ഭീകരവാദ പ്രശ്നത്തിലും മാത്രമേ പാകിസ്താനുമായി സംഭാഷണം നടത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിട്ടുണ്ട്. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. മെയ് 7ന് പുലർച്ചെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണങ്ങൾ നടത്തി.
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സമീപകാല സംഘർഷത്തിൽ പെഷെഷ്കിയാൻ പ്രകടിപ്പിച്ച ആശങ്കയെ ഷെരീഫ് അഭിനന്ദിച്ചു. സൈനിക സംഘർഷത്തിനിടെ പാകിസ്താൻ സന്ദർശിച്ചതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും അദ്ദേഹം പ്രശംസിച്ചു. അദ്ദേഹത്തെ ‘മികച്ച നയതന്ത്രജ്ഞൻ’ എന്നും വിശേഷിപ്പിച്ചു.
‘ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വളരെ ഉൽപാദനപരവും ഉപയോഗപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. അത് നമ്മുടെ പരസ്പര താൽപ്പര്യങ്ങളുടെയും സഹകരണത്തിന്റെയും എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നു’ എന്ന് ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഷെരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.