മനുഷ്യ റെക്കോര്‍ഡ് തകര്‍ത്തു; ഹാഫ് മാരത്തണിൽ ചരിത്രംകുറിച്ച് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്

ബെയ്ജിങ്: ഹാഫ് മാരത്തണിൽ മനുഷ്യന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകൾ പുതിയ ചരിത്രം കുറിച്ചു. ഞായറാഴ്ച നടന്ന ബീജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണാണ് റോബോട്ടിക് സാങ്കേതിക വിദ്യയുടെ പുതിയ കുതിപ്പിന് സാക്ഷിയായത്.

ആദ്യമായാണ് മത്സരത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യനെ പരാജയപ്പെടുക്കുന്നത്. 21.1 കിലോമീറ്റർ മാരത്തണിൽ ഏകദേശം 12,000 മനുഷ്യർക്കൊപ്പം 100ലധികം ഹ്യൂമനോയിഡ് റോബോട്ടുകൾ ഓടി.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ 'ഹോണര്‍' വികസിപ്പിച്ച റോബോട്ട് അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. 'ലൈറ്റ്നിങ്' എന്ന് പേരിട്ടിരിക്കുന്ന വിജയിയായ റോബോട്ട്, 50 മിനിറ്റും 26 സെക്കൻഡും കൊണ്ടാണ് 21.1 കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയത്. ജേക്കബ് കിപ്ലിമോ സ്ഥാപിച്ച 57.20 എന്ന മനുഷ്യ ലോക റെക്കോർഡാണ് റോബോട്ട് തകർത്തത്. മനുഷ്യനേക്കാൾ ഏഴ് മിനിറ്റ് വേഗത്തിൽ റോബോട്ട് ഓടി.

മത്സരത്തില്‍ പങ്കെടുത്ത റോബോട്ടുകളില്‍ 40 ശതമാനവും സ്വയം നിയന്ത്രിതമായാണ് ഓടിയത്. മറ്റുള്ളവ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കപ്പെട്ടവയായിരുന്നു. വിജയിച്ച റോബോട്ട് സ്വയം ദിശനിര്‍ണ്ണയം നടത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ മാരത്തണില്‍ വിജയിച്ച റോബോട്ട് 2 മണിക്കൂര്‍ 40 മിനിറ്റിലധികം സമയം എടുത്ത സ്ഥാനത്താണ് ഇത്തവണത്തെ ഈ വമ്പന്‍ കുതിപ്പ്. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ റോബോട്ടുകൾ യഥാക്രമം ഏകദേശം 51 ഉം 53 ഉം മിനിറ്റുകൾക്കുള്ളിൽ ഫിനിഷ് ചെയ്തു.

വിജയിച്ച റോബോട്ട് ഒരു വർഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് എഞ്ചിനീയർ ഡു സിയാവോഡി പറഞ്ഞു. കൂടാതെ മാരത്തണിന് പാകപ്പെടുത്തുന്നതിനായി ഏകദേശം 90 മുതൽ 95 സെന്റീമീറ്റർ വരെ നീളമുള്ള കാലുകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മത്സരത്തിനിടയില്‍ ചില റോബോട്ടുകള്‍ സ്റ്റക്ക് ‍ആവുകയും തടസ്സങ്ങളില്‍ തട്ടിവീഴുകയും ചെയ്തു. എങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സംഘാടകർ പറഞ്ഞു. 2026-2030 കാലയളവിലെ ചൈനയുടെ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വികസനത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Tags:    
News Summary - In A First, Chinese Humanoid Robots Outrun Humans In Beijing Half-Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.