പാകിസ്താനിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇംറാൻ അനുകൂലികൾ; റാവൽപിണ്ടിയിൽ നിരോധനാജ്ഞ

ഇസ്‍ലാമാബാദ്: അദിയാല ജയിലിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ, റാവൽപിണ്ടി നഗരത്തിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇംറാൻ അനുകൂലികൾ. ജയിലിൽ ഇംറാനെ കാണാൻ ബന്ധുക്കൾക്കും അടുത്ത അനുയായികൾക്കും അനുമതി നൽകണം എന്നാവശ്യപ്പെട്ടാണ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ബുധനാഴ്ച വരെ റാവൽപിണ്ടി നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാവിധത്തിലുള്ള ഒത്തുച്ചേരലുകളും പൊതുചടങ്ങുകളും റാലികളും നിരോധിച്ചിട്ടുണ്ട്. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും ബൈക്കിന്‍റെ പിന്നിൽ യാത്രക്കാരെ കയറ്റുന്നതും വിലക്കി. ഇംറാൻ കൊല്ലപ്പെട്ടെന്ന വാർത്തകൾ അദിയാല ജയിൽ അധികൃതർ തള്ളിയിരുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ജയിലിൽ നിന്ന് മാറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.

പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ കഴിയുന്ന ഇംറാൻ ഖാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു അഭ്യൂഹം. അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അദിയാല ജയിലിന് പുറത്ത് എത്തിയ സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പൊലീസ് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ ഖാൻ അദിയാല ജയിലിൽ കൊല്ലപ്പെട്ടതായി പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിച്ചത്. അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആയിരക്കണക്കിനാളുകൾ ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം തുടങ്ങി.

2023 ആഗസ്റ്റിലാണ് മുൻ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജയിലിലടച്ചത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് ആയിരക്കണക്കിന് പി.‌ടി.‌ഐ അനുയായികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ജയിലിന് പുറത്ത് ഉണ്ടായിരുന്ന സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി നൗറീൻ നിയാസി ആരോപിച്ചിരുന്നു.

Tags:    
News Summary - Imran Khan supporters plan massive protest in Rawalpindi amid death rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.