ഹൂതി ആക്രമണം: ഇന്ത്യൻ നാവികനായുള്ള തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഒമാൻ തീരത്ത് ഹൂതികളുടെ ആക്രമണത്തിനിരയായ പാനമ പതാകയുള്ള വാണിജ്യ കപ്പലായ എം.ടി.എൽ ഗയയിലുണ്ടായിരുന്ന 14 ഇന്ത്യക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയെന്നും ഒരു ഇന്ത്യൻ നാവികനെ കാണാതായെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാണാതായ നാവികർക്കായുള്ള തിരച്ചിൽ ഒമാൻ അധികൃതരുടെ സഹായത്തോടെ തുടരുകയാണെന്നും ഇന്ത്യൻ എംബസി അവരുമായി നിരന്തര സമ്പർക്കത്തിലാണെന്നും ജയ്സ്വാൾ പറഞ്ഞു.
ഹൂതികളുടെ ആക്രമണം ഇന്ത്യക്ക് അസ്വീകാര്യമാണ്. എത്രയും വേഗം മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരണം. ചെങ്കടൽ വഴി ഊർജമെത്തിക്കുന്നത് ഇന്ത്യ തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു. ചെങ്കടൽ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിച്ചു. സൗദി ഭൂപ്രദേശത്തിനും സിവിലിയന്മാരുടെ പശ്ചാത്തല സൗകര്യങ്ങൾക്കും സാമ്പത്തിക സ്വത്തുക്കൾക്കും മേൽ നടത്തുന്ന ആക്രമണം മേഖലയിലെ സ്ഥിരത ഇല്ലാതാക്കുമെന്നും സമുദ്ര സഞ്ചാരത്തെ ബാധിക്കുമെന്നും ജയ്സ്വാൾ ഓർമിപ്പിച്ചു.
വാണിജ്യ ഷിപ്പിങ്, കടൽയാത്രക്കാർ, സിവിലിയന്മാർ, മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ സെപ്റ്റംബർ 13ന് ഇന്ത്യ അപലപിച്ചിരുന്നു. സംഘർഷങ്ങൾ ഉടൻ പരിഹരിക്കണമെന്നും മേഖലയിൽ സമാധാനം കൊണ്ടുവരാൻ സംഭാഷണവും നയതന്ത്രവും തേടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഹൂതികളുടെ ആക്രമണം സംബന്ധിച്ച് ബ്രിക്സ് ഉച്ചകോടിക്കിടെ സൗദി വിദേശമന്ത്രിയുമായി കേന്ദ്ര വിദേശമന്ത്രി ജയ്ശങ്കർ ചർച്ച നടത്തി. അന്തർദേശീയ പ്രശ്നങ്ങളും മേഖലാ വിഷയങ്ങളും ചർച്ച ചെയ്ത കൂട്ടത്തിൽ ഹൂതികളുടെ വിഷയവും വന്നു. സൗദി അറേബ്യക്കുനേരെ ഹൂതികൾ ഈയിടെ നടത്തിയ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നുവെന്നും ജയ്സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.