ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം താരിഫ് ചുമത്താൻ ട്രംപിന് അധികാരം; റഷ്യ ഉപരോധ ബിൽ ജനപ്രതിനിധി സഭയിൽ

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യു.എസ് ജനപ്രതിനിധി സഭയിൽ നടപടിക്രമങ്ങളുടെ കടമ്പ കടന്നു. റഷ്യയ്ക്കും ഇറാനുമെതിരെയുള്ള ഉപരോധങ്ങൾ കർശനമാക്കുന്ന 'ലിൻഡ്സെ ഒ ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' എന്ന ബില്ലാണ് സഭയിലെ വോട്ടെടുപ്പിൽ മുന്നേറിയത്.

ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് അംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് റിപ്പബ്ലിക്കൻമാർക്കൊപ്പം വോട്ട് ചെയ്തതോടെ 211-നെതിരെ 214 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇത് ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ മാസം യു.എസ് സെനറ്റിൽ 86-11 എന്ന വൻ ഭൂരിപക്ഷത്തോടെ ബിൽ പാസായിരുന്നു. ജനപ്രതിനിധി സഭയിൽ അന്തിമ വോട്ടെടുപ്പ് പൂർത്തിയായി പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.

റഷ്യയുടെ നേതൃത്വത്തിനും ഊർജ്ജ മേഖലയ്ക്കും പുറമെ, ഉപരോധം മറികടന്ന് ക്രൂഡ് ഓയിൽ കടത്താൻ മോസ്കോ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം. എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനമാണ് യുക്രൈനെതിരായ യുദ്ധത്തിന് റഷ്യ ഫണ്ട് ചെയ്യുന്നതെന്നാണ് അമേരിക്കൻ വാദം. ഏറ്റവും കൂടുതൽ വോളിയത്തിൽ റഷ്യൻ എണ്ണ വാങ്ങുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ചൈനയും ഉൾപ്പെടുന്നതിനാൽ, ഈ രാജ്യങ്ങൾക്കെതിരെ 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ ബിൽ പ്രസിഡന്റിന് വിപുലമായ അധികാരം നൽകുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ട്രംപിന് ഇത്തരത്തിൽ അനിയന്ത്രിതമായ അധികാരം നൽകുന്നതിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗം ഗ്രിഗറി മീക്സ് ശക്തമായി എതിർത്തു.

വ്യാഴാഴ്ചയോടെ ഇടവേളയിലേക്ക് പിരിയുന്ന യു.എസ് ജനപ്രതിനിധി സഭ, മിഡ്‌ടേം തെരഞ്ഞെടുപ്പുകൾക്ക് ശേഷം നവംബർ 9-നേ വീണ്ടും ചേരുകയുള്ളൂ എന്നതിനാൽ ബുധനാഴ്ച തന്നെ ബില്ലിന്മേൽ നിർണായക വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - US House Advances Bill Proposing 100% Tariffs on India Over Russian Oil Imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.