തെഹ്‌റാൻ: തങ്ങളുടെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാട് കടുപ്പിച്ച് ഇറാൻ. "ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്," എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് വ്യക്തമാക്കി. ഇതോടെ മേഖലയിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നീട്ടാനുള്ള പാകിസ്താന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
അമേരിക്കൻ ഉപരോധം തുടരുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്. യു.എസിന്റെ ഉപരോധ നടപടിയെ "അറിവില്ലായ്മ മൂലമുള്ള വിഡ്ഢിത്തം" എന്നാണ് ഇറാൻ ചീഫ് നെഗോഷ്യേറ്റർ കൂടിയായ ഖാലിബാഫ് വിശേഷിപ്പിച്ചത്.
ഇറാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും അമേരിക്കയുടെ 'മാക്സിമലിസ്റ്റ്' നിലപാടുകൾ ചർച്ചകൾക്ക് തടസ്സമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് സഈദ് ഖത്തീബ്സാദെ പറഞ്ഞു. തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ സൈനിക മേധാവിയുടെ സന്ദർശനത്തെത്തുടർന്ന് അമേരിക്ക പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഉതകുന്നതല്ലെന്നും, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ.
ബുധനാഴ്ച വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ഹുർമുസ് കടലിടുക്കുവഴി കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്കുനേരെ ഇറാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടാകുകയും തുടർന്ന് കപ്പലുകൾ മടങ്ങുകയും ചെയ്തിരുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇസ്രായേൽ-യുഎസ് സംയുക്താക്രമണത്തിൽ ഇതുവരെ ഇറാനിൽ 3,000ത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. അടുത്ത ആഴ്ച പാകിസ്താനിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെ, ഹോർമുസിലെ നിലവിലെ സാഹചര്യം മേഖലയെ വീണ്ടും ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.