ഗസ്സയിൽ ആവാമെങ്കിൽ യുക്രെയ്നിലും ആയിക്കൂടേ?; സമാധാനം സ്ഥാപിക്കാൻ ട്രംപിനോട് സെലെൻസ്‌കി

കീവ്: ഗസ്സയിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നിലും സമാധാനം കൊണ്ടുവരാൻ ഡോണൾഡ് ട്രംപിനോട് സെലൻസ്കിയുടെ അഭ്യർഥന. ഇരു നേതാക്കളും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോഴാണിത്. റഷ്യൻ വ്യോമാക്രമണങ്ങൾ അധികരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും സംഭാഷണം നടത്തിയത്.

റഷ്യക്കുള്ളിൽ ദീർഘദൂര ആക്രമണങ്ങൾ നടത്താനുള്ള യുക്രെയ്ന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിന് ‘ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ’ വിതരണം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവും ട്രംപും സെലെൻസ്‌കിയും മറ്റ് വിഷയങ്ങൾക്കൊപ്പം ചർച്ച ചെയ്തതായി വക്താവ് പറഞ്ഞു.

‘ഒരു മേഖലയിൽ ഒരു യുദ്ധം നിർത്താൻ കഴിയുമെങ്കിൽ തീർച്ചയായും റഷ്യൻ യുദ്ധം ഉൾപ്പെടെ മറ്റ് യുദ്ധങ്ങളും നിർത്താൻ കഴിയും’ എന്ന് സെലെൻസ്‌കി സമൂഹ മാധ്യമത്തിൽ കുറിച്ചു. റഷ്യ യുക്രെയ്‌നിന്റെ ഊർജ സംവിധാനങ്ങളിൽ വൻതോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണിത്. ആക്രമണം കീവിലും മറ്റിടങ്ങളിലും വ്യാപകമായ വൈദ്യുതി തടസ്സങ്ങൾക്ക് കാരണമായി. റഷ്യ വ്യോമാക്രമണങ്ങൾ ശക്തമാക്കുകയാണെന്ന് യുക്രെയ്‌നിന്റെ സായുധ സേനാ കമാൻഡർ ഇൻ ചീഫ് ഒലെക്‌സാണ്ടർ സിർസ്‌കി രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഊർജ സംവിധാനത്തിനു നേരെയുള്ള റഷ്യയുടെ ആക്രമണങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപിനെ അറിയിച്ചതായും തങ്ങളെ പിന്തുണക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നുവെന്നും സെലെൻസ്‌കി ‘എക്‌സി’ൽ പറഞ്ഞു. യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളെക്കുറിച്ച് പരസ്പരം വളരെ ക്രിയാത്മകമായ ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - If it can happen in Gaza, can it happen in Ukraine too?; Selence urges Trump to make peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.