ഖാൻ യൂനുസിലെ യു.എൻ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഫലസ്തീൻ കുടുംബം
ഖാൻ യൂനുസ്: വസീം മുസ്തഫയുടെ നാലു കുട്ടികളും സ്കൂളിൽ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കണക്കും സയൻസും പഠിക്കുന്നതിനുപകരം മൂന്നു ലിറ്റർ വെള്ളംകൊണ്ട് ദാഹമകറ്റാനും കഴുകാനും പ്രാഥമികകർമങ്ങൾ ചെയ്യാനും പരിശീലിക്കുകയാണവർ.
‘‘ദിവസവും ഓരോരുത്തർക്കും ഓരോ കുപ്പി വെള്ളം സംഘടിപ്പിച്ചുനൽകി അവരോട് ഞാൻ പറയും, എല്ലാകാര്യങ്ങളും ഇതുകൊണ്ട് നിർവഹിക്കണം’’ - ഖാൻ യൂനുസിൽ അമ്മായിയുടെ വീട്ടിൽ അഭയംതേടിയ വസീം മുസ്തഫ പറയുന്നു. 11 ലക്ഷം ഗസ്സക്കാർ വീടൊഴിഞ്ഞു പോകണമെന്ന ഇസ്രായേൽ അന്ത്യശാസനത്തെ തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ഭാര്യക്കും എട്ടു മുതൽ 15വരെ പ്രായമുള്ള നാലു മക്കളുമായി ഖാൻ യൂനുസിലേക്ക് ഓടിയതാണ് ഇദ്ദേഹം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി തങ്ങളുടെ പരിമിതസൗകര്യം പങ്കുവെക്കാൻ തയാറായ ഖാൻ യൂനുസുകാരുടെ കരുണക്ക് നന്ദിപറയുകയാണ് വസീമടക്കമുള്ളവർ.
ഇസ്രായേൽ പൈപ്പ് ലൈൻ അടച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങൾ പേരിനുമാത്രം വെള്ളമുപയോഗിച്ചാണ് ജീവിക്കുന്നത്. ഇതുകാരണം ഉണ്ടാകുന്ന സ്വാഭാവിക അനന്തരഫലമായ പൊതുജനാരോഗ്യ തകർച്ചയുടെ വക്കിലാണിപ്പോൾ ഫലസ്തീൻ ജനതയെന്ന്, ഓക്സ്ഫാം സന്നദ്ധ സംഘടനയുടെ ജല-ശുചീകരണ വിഭാഗം ഉദ്യോഗസ്ഥൻ കൂടിയായ വസീം മുന്നറിയിപ്പു നൽകുന്നു. ‘‘അനേകം പേർ തെരുവിലും കടമുറികളിലും പള്ളികളിലും കാറുകളിലും അന്തിയുറങ്ങുകയാണ്’’ -അദ്ദേഹം പറഞ്ഞു. വസീമിന്റെ കുടുംബമാകട്ടെ 200 ചതുരശ്ര മീറ്ററുള്ള അപ്പാർട്മെന്റിൽ നൂറോളം പേർക്കൊപ്പമാണ് കഴിയുന്നത്.
പ്രവർത്തിക്കുന്ന ഏതാനും സൂപ്പർമാർക്കറ്റുകളിൽ തന്നെ സോപ്പടക്കമുള്ള ശുചീകരണ ഉൽപന്നങ്ങളെല്ലാം തീർന്നു. ചിലർ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ചെറു യന്ത്രത്തിൽ കടൽവെള്ളം ശുചീകരിച്ച് വിൽപനക്കെത്തിക്കുന്നുണ്ട്. എന്നാൽ, ഇരട്ടിയിലേറെയാണ് ഈ വെള്ളത്തിന്റെ വില. ഒരു ദിവസം കൂടി കഴിഞ്ഞാൽ തന്റെ കുടുംബത്തിന്റെ ജലശേഖരവും തീരുമെന്ന് വസീം പറയുന്നു. ‘‘ഇതിനുശേഷം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. മാർക്കറ്റിലിറങ്ങി നോക്കണം. എവിടെയെങ്കിലും കിട്ടുമോ എന്ന്. മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന് ഒരു പിടിയുമില്ല.’’ -അദ്ദേഹം പരിതപിക്കുന്നു.
ജല, ശുചീകരണ സംവിധാനങ്ങൾ തകർന്നാൽ കോളറയടക്കമുള്ള പകർച്ചവ്യാധികൾ പടരുമെന്ന് ഓക്സ്ഫാമും ഐക്യരാഷ്ട്രസഭയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടിയന്തര മാനുഷികസഹായം എത്തിയില്ലെങ്കിൽ ഇതു സംഭവിക്കുമെന്നുറപ്പാണ്. ഉപരോധത്തിന്റെ ഭാഗമായി ഇന്ധനവും വെള്ളവും തടഞ്ഞതോടെ ഗസ്സയിലെ 65 ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റുകളിൽ ഭൂരിഭാഗവും പൂട്ടി. ഈ മാലിന്യം കടലിലേക്കും തെരുവിലേക്കും ഒഴുക്കുകയാണ്. മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ഇനിയും ഖബറടക്കാൻ കഴിയാത്ത മൃതദേഹങ്ങളുടെ കാഴ്ച അതിദയനീയമാണ്.
വൈദ്യുതിയില്ലാത്തതിനാൽ, കടൽവെള്ളം ശുദ്ധീകരിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകളിൽനിന്ന് പാർപ്പിടകേന്ദ്രങ്ങളിലേക്ക് ശുദ്ധജലമെത്തുന്നില്ല.
ഗസ്സയിലെ ഏക വെള്ളക്കെട്ടിൽനിന്ന് വരുന്ന ഉപ്പുവെള്ളമാണ് പലരും ഉപയോഗിക്കുന്നത്. ഇതാകട്ടെ ശുചിമുറിമാലിന്യവും കടൽവെള്ളവും കലർന്ന് മലിനമായ അവസ്ഥയിലാണ്. കുടിക്കാനടക്കം പലരും ഇതുപയോഗിക്കുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന, ശുദ്ധമല്ലാത്ത വെള്ളമാണ് മറ്റു ചിലർക്ക് ജീവജലം. ഒരാൾക്ക് ഒരു ദിവസത്തെ അടിസ്ഥാനാവശ്യങ്ങൾക്ക് ചുരുങ്ങിയത് 50-100 ലിറ്റർ വെള്ളം വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ, ഗസ്സക്കാർക്ക് മൂന്നു ലിറ്റർ മാത്രമാണ് ലഭിക്കുന്നത്. അഭയം തേടിയവർ അടക്കം മുപ്പതോളം പേർ താമസിക്കുന്ന തന്റെ വീട്ടിൽ ദിവസം രണ്ടുതവണ മാത്രമാണ് ശുചിമുറി ഫ്ലഷ് ചെയ്യുന്നുള്ളൂ എന്ന് ഒരു സന്നദ്ധപ്രവർത്തക പറഞ്ഞു.
‘‘ഏറ്റവും കുറച്ചുമാത്രം വെള്ളം ആവശ്യമുള്ള ഭക്ഷണം മാത്രമേ പാകം ചെയ്യൂ. പ്രാർഥനക്കായി ദിവസം ഒരുനേരം മാത്രം അംഗശുദ്ധി വരുത്തും. ഞങ്ങളുടെ അയൽക്കാരന് ഒരു കിണറുണ്ടെങ്കിലും അതിൽനിന്ന് വെള്ളം പമ്പുചെയ്യാനുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ല’’ -അവർ കൂട്ടിച്ചേർത്തു. തെരുവുകളിൽ കഴിയുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം. സംരക്ഷണമോ വെള്ളമോ ഭക്ഷണമോ ഇല്ലാതെയും ഒരു തണലുമില്ലാതെയും നവജാതശിശുക്കളടക്കം പുറത്ത് കഴിയുകയാണ്. നിർജലീകരണവും ജലജന്യ രോഗങ്ങളും ഏതുസമയത്തും ഇവരിൽ പടർന്നുപിടിക്കാമെന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.