തെഹ്റാൻ: പാകിസ്താൻ-സൗദി അറേബ്യ- തുർക്കി സംയുക്ത പ്രതിരോധ കരാറിനെ പിന്തുണച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. വെസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ സംഘർഷം വർധിക്കുന്നതിനിടെയുള്ള കരാർ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ ഐക്യത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ലോകത്തിലെ ഏറ്റവും ചെലവേറിയ സൈന്യത്തിന് മുന്നിൽ ഇറാന്റെ ശക്തമായ സായുധ സേന തങ്ങളുടെ സന്നദ്ധതയും കഴിവും ശക്തിയും പ്രകടിപ്പിച്ചിരിക്കുന്നു. മുസ്‌ലിംകൾ ഒരുമിച്ച് നിൽക്കുമ്പോൾ, ബാഹ്യശത്രുക്കളുടെ ഏത് വെല്ലുവിളിയെയും നമുക്ക് മുഖാമുഖം നേരിടാൻ കഴിയും. നമ്മെത്തന്നെ മാത്രം ആശ്രയിക്കാനും യഥാർഥ സാഹോദര്യം ഉൾക്കൊള്ളാനുമുള്ള സമയമാണിത്" - അദ്ദേഹം എക്സിൽ കുറിച്ചു.
മൂന്ന് രാജ്യങ്ങളും 'മക്ക അൽമുക്കർറമ സംയുക്ത പ്രതിരോധ ഉച്ചകോടി'യിൽ സംയുക്ത കരാറിൽ ഒപ്പുവെച്ച് മണിക്കൂറുകൾക്കകമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ആശങ്കകൾ നിലനിൽക്കെ, തങ്ങളിൽ ഒരാൾക്കെതിരായ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന സംയുക്ത പ്രതിരോധ കരാറിൽ പാകിസ്താനും സൗദി അറേബ്യയും തുർക്കിയും ഒപ്പുവെച്ചിരുന്നു. മക്കയിലെ അൽസഫ കൊട്ടാരത്തിൽ നടന്ന 'മക്ക അൽമുക്കർറമ സംയുക്ത പ്രതിരോധ ഉച്ചകോടി'ക്ക് ശേഷം പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനെതിരെ കൂട്ടായ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് 'മക്ക സംയുക്ത പ്രതിരോധ കരാർ'. ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ നടക്കുന്ന സായുധ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുന്നതിനും കരാർ വഴിയൊരുക്കുന്നുണ്ട്. ചെങ്കടൽ, ബാബ് അൽമന്ദബ് കടലിടുക്ക് തുടങ്ങിയ വിവിധ മേഖലകളിലേക്ക് പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുകയും ഗൾഫ് രാജ്യങ്ങൾ പ്രാദേശിക സുരക്ഷ ഏകോപനം ശക്തമാക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.