'കത്രീന' ഭീതി പുതുക്കി യു.എസിൽ ആഞ്ഞടിച്ച്​ ഐഡ​; ലൂസിയാനയിൽ വ്യാപക നാശം

വാഷിങ്​ടൺ: ഒന്നിനുപിറകെ ഒന്നായി എത്തുന്ന ചുഴലിക്കൊടുങ്കാറ്റുകളിൽ മഹാഭീതിയിലാഴ്​ന്ന്​ അമേരിക്ക. കാറ്റഗറി നാലിൽ പെട്ട ഐഡ ചുഴലിക്കാറ്റാണ് ഏറ്റവുമവസാനം അടിച്ചുവീശിയത്​. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക്​ 12.55 ഓടെ 230 കിലോമീറ്റർ വേഗത്തിൽ ലൂസിയാന സംസ്​ഥാനത്തെ​ ഫോർച്ചോൺ തുറമുഖത്ത്​​ തീരം തൊട്ട 'ഐഡ' പ്രധാന പട്ടണമായ ന്യൂ ഓർലിയൻസിൽ വൈദ്യുതി സമ്പൂർണമായി താറുമാറാക്കി. ഏഴു ലക്ഷത്തോളം പേർക്ക്​ വൈദ്യുതി ബന്ധം നഷ്​ടപ്പെട്ടതായി അധികൃതർ പറഞ്ഞു. ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതൽ ഏഴുവരെ അടി ജലനിരപ്പുയർന്നു. മരങ്ങൾ കടപുഴകി. കനത്ത നാശനഷ്​ടങ്ങളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ്​ ഐഡ എത്തിയത്​. 16 വർഷം മുമ്പ്​ കത്രീന മഹാദുരന്തമായി എത്തിയ അതേ തീയതിയിൽ, അന്ന്​ തീരംതൊട്ടതിന്​ 72 കിലോമീറ്റർ പടിഞ്ഞാറായാണ്​ ഐഡ എത്തിയത്​. ഇതു പിന്നീട്​ ശക്​തി ​കുറഞ്ഞ്​ കാറ്റഗറി മൂന്നി​േലക്ക്​ മാറിയെങ്കിലും അപകടം ഒഴിവായില്ലെന്നാണ്​ മുന്നറിയിപ്പ്​. ശക്​തമായ കാറ്റിനൊപ്പം കനത്തുപെയ്​ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്​.

രക്ഷാ ദൗത്യം വേഗത്തിലാക്കാൻ അടിയന്തര നടപടികൾക്ക്​ പ്രസിഡന്‍റ്​ ജോ ബൈഡൻ നിർദേശം നൽകി. ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ആശങ്ക ഏറ്റവും കൂടുതൽ. ഇരു സംസ്​ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേർക്ക്​ മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Hurricane Ida Strikes Louisiana As Category 4 Storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.