മണ്ണിടിച്ചിലുണ്ടായ സുഡാനിൽ രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസികൾ

സുഡാനിൽ വൻ മണ്ണിടിച്ചിൽ; ആയിരത്തിലേറെ മരണം, നിരവധി പേർ മണ്ണിനടിയിൽ, ഗ്രാമം ഒലിച്ചുപോയി

ഖാർതൂം: വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. 370 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ സുഡാനിലെ മാറാ പർവതനിരകളിലാണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

യഥാർഥ മരണസംഖ്യ അറിവായിട്ടില്ലെന്നും ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും സുഡാനിലെ യു.എൻ ഡെപ്യൂട്ടി കോ ഓഡിനേറ്റർ (ഹുമാനിറ്റേറിയൻ) ആന്‍റണി ഗെരാർഡ് ബി.ബി.സിയെ അറിയിച്ചു.

ഞായറാഴ്ച മുതൽ തുടങ്ങിയ കനത്ത മഴക്ക് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ടർസിൻ ഗ്രാമം പൂർണമായി തകർന്നടിഞ്ഞു. ഒരു ഗ്രാമവാസി മാത്രമാണ് ഇവിടെ രക്ഷപ്പെട്ടത്. റോഡ് തകർന്നതിനാൽ അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനും അവശ്യസാധനങ്ങൾ എത്തിക്കാനും ബുദ്ധിമുട്ടുണ്ട്. താഴ് വരയിലൂടെ അപകടസ്ഥലത്തെത്താൻ ദിവസങ്ങൾ വേണ്ടിവരും.

സുഡാൻ ലിബറേഷൻ മൂവ്മെന്‍റ് (എസ്.എൽ.എം)യുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആയിരത്തോളം പേർ മരിച്ചിരിക്കാമെന്നാണ് എസ്.എൽ.എം പറയുന്നത്. യു.എൻ അടക്കം രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങൾ നൽകണമെന്ന് എസ്.എൽ.എം അഭ്യർഥിച്ചു.

സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ‌.എസ്‌.എഫ്) തമ്മിലുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ ഡാർഫർ സംസ്ഥാനത്തിലെ നിവാസികൾ മാറാ പർവതനിരകളിലാണ് അഭയം തേടിയിരുന്നത്. ഇവരാണ് മണ്ണിടിച്ചിൽ മരണപ്പെട്ടത്.

2023 ഏപ്രിലിലാണ് സുഡാൻ സൈന്യവും ആർ‌.എസ്‌.എഫും തമ്മിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ രാജ്യം ക്ഷാമത്തിലാവുകയും പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ വംശഹത്യ അരങ്ങേറുകയും ചെയ്തു. ആഭ്യന്തര യുദ്ധത്തിൽ 1,50,000 പേർ വരെ കൊല്ലപ്പെട്ടതായാണ് യു.എസ് പറയുന്നത്. ഏകദേശം 12 ദശലക്ഷം പേർ വീടുവിട്ട് പലായനം ചെയ്തു.

Tags:    
News Summary - Hundreds killed in Sudan landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.