റഷ്യയുടെ വൻ സൈനിക വാഹനവ്യൂഹം കിയവിലേക്ക്; ഷെല്ലാക്രണം കടുപ്പിച്ചു

കിയവ്: റഷ്യയുടെ വൻ സൈനിക വാഹനവ്യൂഹം കിയവിലേക്ക് കൂടുതൽ അടുത്തതായി ഉപഗ്രഹ ചിത്രങ്ങൾ. 40 മൈൽ (64 കി.മീ) നീളമുള്ള റഷ്യൻ ടാങ്കുകളുടെയും പീരങ്കികളുടെയും വാഹനവ്യൂഹം ചൊവ്വാഴ്ച തലസ്ഥാന നഗരിയെ ഭീതിയുടെ മുൾമുനയിൽ നിർത്തി മുന്നേറുന്നതായാണ് മാക്സർ ടെക്നോളജീസ് പുറത്തുവിട്ട സാറ്റ​ലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാകുന്നത്.

സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാംഘട്ട ചർച്ച നടക്കാനിരിക്കെ കിയവ് ലക്ഷ്യമിട്ട് അതിശക്തമായ ഷെല്ലാക്രമണമാണ് ചൊവ്വാഴ്ച റഷ്യ നടത്തിയത്. കവചിത വാഹനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ എന്നിവയുടെ വിപുലമായ വാഹനവ്യൂഹം കഴിഞ്ഞദിവസം നഗരമധ്യത്തിൽ നിന്ന് 17 മൈൽ (25 കി.മീ) നീളത്തിലായിരുന്നു. മാക്‌സർ ടെക്‌നോളജീസിന്റെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഇത് ഏകദേശം 40 മൈൽ (64 കി.മീ) വരെ നീളുന്നതാണ്. അന്താരാഷ്ട്ര സമൂഹം ഒന്നാകെ റഷ്യയെ കുറ്റ​പ്പെടുത്തി രംഗത്തുവന്നതും സാമ്പത്തിക ഉപരോധത്തിന്റെയും ഫലമായി റഷ്യ കൂടുതൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ​കിയവിനുമേൽ കൂടുതൽ ആ​ക്രമണം ശക്തമാക്കിയിരിക്കുന്നത്.


ഖർകീവിനും കിയവിനും ഇടയിലുള്ള നഗരമായ ഒഖ്തിർക്കയിലെ സൈനികതാവളം റഷ്യൻ പീരങ്കിപ്പട്ടാളം തകർത്തു. 70 ലധികം യുക്രെയ്നിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖർകീവിൽ ശക്തമായ സ്ഫോടനങ്ങളാണ് നടക്കുന്നത്. അപ്പാർട്മെന്റുകൾ, പാർപ്പിട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഷെല്ലാക്രമണം ശക്തമാണ്. ഏഴു പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖർകീവിലെ അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും പോരാട്ടം രൂക്ഷമാണ്. കിഴക്കൻ നഗരമായ സുമിയിൽ എണ്ണ ഡിപ്പോയിൽ ബോംബാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Huge Russian convoy nears Ukraine's capital as invasion enters sixth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.