വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്-വൺബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചത് ആയിരക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങളാണ് തല്ലിത്തകർത്തത്. ട്രംപിന്റെ പ്രഖ്യാപനം വന്നയുടൻ യു.എസിലെ പ്രമുഖ കമ്പനികളെല്ലാം അവധിക്ക് നാട്ടിൽ പോയിരിക്കുന്നവർ എത്രയും പെട്ടെന്ന് മടങ്ങിയെത്തണമെന്ന നിർദേശം നൽകി. ഇതുകേട്ടയുടൻ രായ്ക്കുരാമാനം പെട്ടിയുമെടുത്ത് അവർ യു.എസിലേക്ക് വിമാനം കയറി. കുറച്ച് വൈകിയാണെങ്കിൽ വിസ ഫീസ് വർധിപ്പിച്ചതിൽ ചില വ്യക്തതകൾ വരുത്തി ട്രംപ് ഭരണകൂടം. അതായത് പുതുതായി എച്ച്-വൺബി വിസക്ക് അപേക്ഷിക്കുന്നവർ മാത്രമേ ഒരു ലക്ഷം ഡോളർ നൽകേണ്ടതുള്ളൂ. നിലവിൽ വിസ കൈവശമുള്ളവർ പുതുക്കാനും മറ്റുമായി ഇത്രയും വലിയ തുക നൽകേണ്ടതില്ല. ആ പ്രഖ്യാപനത്തിൽ ആശ്വാസം തോന്നിയെങ്കിലും വിസ ഫീസ് ഉയർത്തിയ നടപടിയുടെ ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ല.
കുടിയേറ്റക്കാരെ സമ്പൂർണമായി പുറന്തള്ളാനുള്ള ട്രംപിന്റെ നീക്കം യു.എസിന് തന്നെ തിരിച്ചടിയാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവെയുള്ള വിലയിരുത്തൽ. കുടിയേറ്റക്കാളുപരി യു.എസ് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണ് ട്രംപിന്റെതെന്നും അവർ വിലയിരുത്തുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻജിനീയർമാർ, ശാസ്ത്രജ്ഞർ, കോഡർമാർ എന്നിവരെ നിയമിക്കുന്നതിന് അമേരിക്കൻ ടെക് സ്ഥാപനങ്ങൾ ഏറെ കാലമായി ആശ്രയിക്കുന്നത് എച്ച്-വൺബി വിസകളെയാണ്. വിസ ചെലവേറിയത് ആകുമ്പോൾ യു.എസിലെത്തുന്ന ഇത്തരം പ്രതിഭകളുടെ എണ്ണം ഗണ്യമായി കുറയും.
സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നയതീരുമാനങ്ങൾ ഇത്തരത്തിലുള്ള ബ്രെയ്ൻ ഡ്രെയ്ൻ വലിയ തോതിൽ ഉൽപ്പാദനക്ഷമതയെ ബാധിക്കും. വർഷാരംഭത്തിലെ യു.എസ് സാമ്പത്തിക വളർച്ചാ നിരക്ക് 2 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നയങ്ങളിൽ മാറ്റം വരുത്താൻ തയാറാകാത്തിടത്തോളം 1.5 ശതമാനം വളർച്ച പോലും സാധിക്കില്ലെന്നാണ് മറ്റൊരു വിലയിരുത്തൽ. നിയന്ത്രിത കുടിയേറ്റ നയങ്ങൾ പ്രകാരം മനുഷ്യ മൂലധന നഷ്ടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താൻ നിർമിത ബുദ്ധിയിലെ നിക്ഷേപങ്ങൾക്ക് കഴിയില്ല.
അതുപോലെ ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗ്ൾ എന്നിവയാണ് എച്ച്-വൺബി വിസയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന വൻകിട സ്ഥാപനങ്ങൾ.വിസകൾ നൽകാൻ ഈ കമ്പനികൾക്ക് പണമുണ്ടെങ്കിലും എച്ച്‍വൺബി വിസകളെ ആശ്രയിക്കുന്ന മറ്റ് മേഖലകൾ ഭാവിയിലെ റിക്രൂട്ട്‌മെന്റുകളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ബ്രോക്കർ എക്സ്.ടി.ബി റിസർച്ച് ഡയറക്ടർ കാതലീൻ ബ്രൂക്സ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ബുദ്ധിമുട്ടുകൾ നേരിടുക. എച്ച്-വൺബി വിസകളിൽ ഇന്ത്യക്കാരുടെ ആധിപത്യമാണ്. ഈ വിസ അപേക്ഷകരിൽ 70 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു കാലത്ത് എച്ച്‍-വൺബി വിസയിലെത്തിയ ഇന്ത്യൻ വംശജരാണ് ഇന്ന് യു.എസിലെ പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നത്.
ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഐ.ബി.എം എന്നിവ ഉദാഹരണം. എച്ച്‍-വൺബി വിസയുടെ തിരിച്ചടി ഇന്ത്യക്കാർക്കാണെന്ന് ആദ്യം തോന്നാമെങ്കിലും ആഴത്തിൽ ബാധിക്കുക യു.എസിനെയാണെന്നും വിദഗ്ധർ പറയുന്നു. യു.എസിന്റെ ബിസിനസ് സ്ഥിരതയെ പോലും ഇത് ബാധിക്കാം. നിയമപരമായ നൂലാമാലകളിൽപെട്ട് പദ്ധതികൾക്ക് താമസം വരുമ്പോൾ കമ്പനികൾ ജീവനക്കാരുടെ തെരഞ്ഞെടുപ്പിലും കമ്പനികൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കും. ടി.സി.എസ്, ഇൻഫോസിസ് പോലുള്ള വൻകിട ഐ.ടി കമ്പനികൾ അത്തരമൊരു നീക്കം നടത്താനുള്ള തയാറെടുപ്പിലാണ്. പ്രാദേശികമായി തൊഴിലാളികളെ വളർത്തിയെടുക്കാനും ഡെലിവറി ഓഫ്ഷോർ വഴി മാറ്റാനുമാണ് ഇവർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.