വൊളോദിമർ സെലൻസ്കി
മോസ്കോ: യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നേരിട്ടുള്ള ചർച്ചക്ക് ആഹ്വാനം ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയുടെ പരസ്യക്കത്ത്. 2022ൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം പുടിന് സെലൻസ്കി നേരിട്ട് എഴുതുന്ന ആദ്യത്തെ പരസ്യക്കത്താണിത്. റഷ്യയിലും യുക്രെയ്നിലും അല്ലാതെ സ്വിറ്റ്സർലൻഡ്, തുർക്കി അല്ലെങ്കിൽ അറബ് രാജ്യങ്ങൾ തുടങ്ങിയ ഏതെങ്കിലും നിഷ്പക്ഷ രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടത്താമെന്നാണ് സെലൻസ്കിയുടെ നിർദേശം.
അമേരിക്കൻ മുൻഗണനകളിൽ മാറ്റം വരുന്നുണ്ടെന്ന് കത്തിൽ സെലൻസ്കി ചൂണ്ടിക്കാണിച്ചു. ട്രംപ് ഭരണകൂടം നിലവിൽ ഇറാൻ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, അതിനാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ഇടപെടലിനായി വെറുതെ കാത്തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്ളാദിമിർ പുടിൻ
യുദ്ധം 2027-2028 വർഷങ്ങളിലേക്ക് നീട്ടിക്കൊണ്ടുപോകാൻ റഷ്യ പദ്ധതിയിടുന്നതായി യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ ഉള്ളിലേക്ക് വരെ എത്തിയതും ഇന്ധനക്ഷാമവും വിലക്കയറ്റവും ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളും റഷ്യയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിൽ മാത്രം മുപ്പതിനായിരത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും സെലൻസ്കി അവകാശപ്പെട്ടു. ചർച്ചകൾ നടക്കുന്ന സമയമത്രയും പൂർണമായ വെടിനിർത്തലിന് യുക്രെയ്ൻ തയാറാണെന്നും, ആദ്യപടിയായി തടവുകാരെ പരസ്പരം കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം (ഫോട്ടോ: റോയിട്ടേഴ്സ്)
അതേസമയം, സെലൻസ്കിയുടെ സന്ദേശത്തെക്കുറിച്ച് പുടിന് അറിവുണ്ടെന്നും എന്നാൽ, കത്തിലെ ഉള്ളടക്കം വിശദമായി പരിശോധിച്ചിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. ചർച്ചകൾ ആവശ്യമാണെങ്കിൽ സെലൻസ്കിക്ക് മോസ്കോയിലേക്ക് വരാമെന്നും അദ്ദേഹം ആവർത്തിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ, യുക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഉള്ളിലേക്ക് എത്തുന്ന കാര്യം പുടിൻ സമ്മതിച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡോണൾഡ് ട്രംപുമായി അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലെ ധാരണകളുടെ അടിസ്ഥാനത്തിൽ യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചക്ക് റഷ്യ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും പുടിനും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് മികച്ച കാര്യമാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇതിനിടെ, ട്രംപിന്റെ നിലപാടുകളോട് വിയോജിച്ച് യുക്രെയ്ന് സുരക്ഷാ-പുനർനിർമാണ സഹായമായി ഒരു ബില്യൺ ഡോളറും, പ്രതിരോധ ആവശ്യങ്ങൾക്കായി വായ്പയായി 8 ബില്യൺ ഡോളറും അനുവദിക്കുന്ന പുതിയ ബിൽ യു.എസ് പ്രതിനിധി സഭ പാസാക്കി. എന്നാൽ, ഈ ബിൽ സെനറ്റിൽ പാസാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.