ഗസ്സയിൽ 2023 ഒക്ടോബറിനു ശേഷം 9500-ലധികം ഫലസ്തീനികളെ കാണാതായി; കൂടുതൽ പേരും തകർന്ന കെട്ടിടങ്ങൾക്കടിയിൽ

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ 9,500-ലധികം ഫലസ്തീനികളെ കാണാതായതായി മനുഷ്യാവകാശ സംഘടന. ഇതിൽ അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗസ്സയിലെ അൽ-ദമീർ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2023 ഒക്ടോബർ 7നു ശേഷം കാണാതായവരുടെ കണക്കാണിത്. യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ പ്രത്യാഘാതങ്ങളിലൊന്നാണിതെന്നാണ് സംഘടന പറയുന്നത്.

കാണാതായവരിൽ ബഹുഭൂരിപക്ഷം ആളുകളും തകർന്നടിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിലാണ് കുടുങ്ങിക്കിടക്കുന്നത്. ഏകദേശം 8,100ലധികം ആളുകൾ ഇത്തരത്തിൽ മൺകൂനകൾക്കടിയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇസ്രായേൽ ബോംബാക്രമണത്തിൽ പൂർണമായി തകർന്ന പതിനായിരക്കണക്കിന് പാർപ്പിട സമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇവരെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഇതിനുപുറമേ, യു.എസ് പിന്തുണയോടെ സ്വകാര്യ സുരക്ഷാ കമ്പനികൾ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴിയുള്ള സഹായങ്ങൾ സ്വീകരിക്കാൻ പോയപ്പോഴോ, വിതരണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തപ്പോഴോ 250-ലധികം ആളുകളെ കാണാതായിട്ടുണ്ട്. അതിർത്തി വേലി കടന്ന 350-ലധികം പേരെക്കുറിച്ചും ഇസ്രായേൽ അധികൃതർ ഇതുവരെ യാതൊരു വിവരവും നൽകിയിട്ടില്ല. വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഗസ്സയിലേക്ക് സൈനിക ചെക്ക്‌പോസ്റ്റുകൾ വഴി പോയപ്പോൾ ഇസ്രായേൽ സൈന്യം തടങ്കലിലാക്കിയ 800-ലധികം ഫലസ്തീനികളെക്കുറിച്ചും ഇപ്പോൾ യാതൊരു വിവരവുമില്ല. ഇതിൽ കരയുദ്ധത്തിനിടയിൽ തടവിലായവരും ഉൾപ്പെടുന്നു.

അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കരാറിന്റെയും നഗ്നമായ ലംഘനമാണ് ഗസ്സയിൽ നടക്കുന്നത്. പിടിച്ചുവെച്ചവരെയും കാണാതായവരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും ഇസ്രായേലിന് ബാധ്യതയുണ്ട്. എന്നാൽ അന്താരാഷ്ട്ര രക്ഷാപ്രവർത്തകർക്കോ ഫോറൻസിക് സംഘങ്ങൾക്കോ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നില്ല. ഇരകളെ തിരിച്ചറിയുന്നതിനായി ജനിതക ഡാറ്റാബേസ് തയ്യാറാക്കണമെന്നും കുറ്റവാളികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി സ്വീകരിക്കണമെന്നും അൽ-ദമീർ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം 73,000 കടന്നിരിക്കുകയാണ്. ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


Tags:    
News Summary - More than 9,500 Palestinians missing in Gaza since October 2023; most under collapsed buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.