കരകാണാക്കടലിൽ ഒഴുകിനടന്നത് രണ്ടു ദിവസ​ത്തോളം; യൂറോപ്പിലേക്കുള്ള യാത്രയിൽ 23കാരന്റെ നടുക്കുന്ന അതിജീവന കഥ

40 മണിക്കൂറിലേറെ  മെഡിറ്ററേനിയൻ കടലി​ൽ പൊങ്ങിക്കിടക്കുകയായിരുന്നു 23 കാരനായ റാഫി നാദി. ഒരു വായു നിറച്ച വളയത്തിന്റെയും ഫ്ലിപ്പറുകളുടെയും മാത്രം പിൻബലത്തോടെ. ഭയത്താൽ മനസ്സു തകർന്നുപോയ ആ ചെറുപ്പക്കാരൻ നിരവധി കപ്പലുകളും ബോട്ടുകളും അരികിലൂടെ നീങ്ങുന്നത് കണ്ടെങ്കിലും അവയൊന്നും രക്ഷക്കെത്തിയില്ല. എന്നാൽ, നിരാശയുടെ ആ ഗർത്തത്തിനിന്ന് ഒരു കുടുംബം സഞ്ചരിച്ച ബോട്ട് റാഫിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി. കഴിഞ്ഞ വർഷം ജൂലൈയിൽ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള തന്റെ ജന്മനഗരമായ മിനിയയിൽ നിന്നാണ് അദ്ദേഹം സ്പെയ്നിന്റെ കര​തൊടാൻ ജിബ്രാൾട്ടർ കടലിടുക്ക് നീന്തിയത്. മാതാപിതാക്കളെയും എട്ട്  സഹോദരങ്ങളെയും പോറ്റാൻ യൂറോപ്പിൽ ഒരു ജോലി കണ്ടെത്തുന്നതിനായി.

കഴിഞ്ഞ ജൂലൈയിൽ നടന്ന രക്ഷാപ്രവർത്തനം ലോകമെമ്പാടും വാർത്തകളിൽ ഇടം നേടി. നിർജ്ജലീകരണം, ക്ഷീണം, സൂര്യപ്രകാശത്തിന്റെയും കടൽവെള്ളത്തിന്റെയും അമിതമായ സാന്നിധ്യം എന്നിവ മൂലം അദ്ദേഹത്തിന്റെ ചർമം കത്തുന്നതിന് സമാനമായി. ഒടുവിൽ ബലേറിക് ദ്വീപുകളിലേക്ക് ബോട്ടിൽ സഞ്ചരിക്കുന്ന ഒരു കുടുംബം വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത ശേഷം അനങ്ങാനോ സംസാരിക്കാനോ കഴിയാതെ അദ്ദേഹം ഒരു കപ്പലിന്റെ ഡെക്കിലേക്കു പതിച്ചു. കുടിയേറ്റക്കാർ യൂറോപ്പിലേക്ക് കടക്കാൻ വലിയ അപകടസാധ്യതയുള്ള വഴികൾ സ്വീകരിക്കുന്നതിന്റെ അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം, വടക്കേ ആഫ്രിക്കയിൽ നിന്ന് സ്പെയിനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 572 പേരാണ് ജീവൻ വെടിഞ്ഞത്.

ജൂലൈ പകുതിയോടെ മൊറോക്കോയിലെ ഫിനിഡെക് തീരത്ത് നിന്ന് 17 വയസ്സുള്ള ഒരു സുഹൃത്തിനൊപ്പം സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിലേക്ക് നീന്താൻ ആഗ്രഹിച്ച് പുറപ്പെട്ടതായി റാഫി പറഞ്ഞു. ‘അഞ്ചോ ആറോ മണിക്കൂറിനുള്ളിൽ സ്യൂട്ടയിൽ എത്തുമെന്നായിരുന്നു ഞങ്ങളുടെ കണക്കു കൂട്ടൽ. എന്നാൽ, സൂര്യൻ ഉദിച്ചപ്പോൾ വിഷമിക്കാൻ തുടങ്ങി. ആഴ്ചകളായി പദ്ധതിയിട്ട് പ്രവർത്തിക്കുകയായിരുന്നു. സ്യൂട്ടയുടെ അതിർത്തി വഴി കടക്കാൻ പരാജയപ്പെട്ട നാല് ശ്രമങ്ങൾക്ക് ശേഷം, റാഫിയും സുഹൃത്തും ഒരു ബദൽ പദ്ധതി തയ്യാറാക്കി. വെറ്റ്‌ സ്യൂട്ടുകൾ, വായു നിറച്ച വളയങ്ങൾ, ഫ്ലിപ്പറുകൾ എന്നിവ വാങ്ങാൻ ഫണ്ട് ശേഖരിച്ചു. മികച്ച നീന്തൽക്കാരായിരുന്നതിനാലും യൂറോപ്പിലേക്ക് കടക്കാൻ കള്ളക്കടത്തുകാർ ഈടാക്കുന്ന 4000ത്തോളം യൂറോ ഇരുവരുടെയും പക്കൽ ഉണ്ടായിരുന്നില്ല എന്നതിനാലും ഇതായിരുന്നു ഏറ്റവും നല്ല വഴി എന്ന് സ്വയം കണ്ടെത്തി.

ആഴ്ചകളോളം അവർ പരിശീലനം നടത്തി. മണിക്കൂറുകളോളം കടലിൽ ചെലവഴിച്ചു. ജൂലൈ 14ന് അർധരാത്രി ഞാനും സുഹൃത്തും കടൽത്തീരത്തെ ഗാർഡിന്റെ കണ്ണുവെട്ടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി. ഇരുട്ടിന്റെ മറയാൽ തിരിച്ചറിയില്ലെന്ന് കരുതി. ഞങ്ങൾ നീന്തിക്കൊണ്ടേയിരുന്നു -റാഫി പറഞ്ഞു. കടൽ ശാന്തമായിരിക്കുമെന്നായിരുന്നു ആ ദിസവത്തെ കാലാവസ്ഥാ പ്രവചനമെങ്കിലും അപ്രതീക്ഷിതമായി തിരമാലകൾ ഉയർന്നു. അതവരെ തള്ളിക്കൊണ്ടുപോയി കൂടുതൽ ആഴക്കടലിലേക്ക് വലിച്ചിഴച്ചു.

‘എട്ടു മണിക്കൂറിലധികം നീന്തിയ ശേഷം ഞാനും എന്റെ സുഹൃത്തും വേർപിരിഞ്ഞു. കടൽ ഞങ്ങളെ വേർപിരിച്ചു. ചക്രവാളത്തിലേക്ക് നോക്കുമ്പോൾ പരിഭ്രാന്തനായി. മൈലുകളോളം വെള്ളം മാത്രം. കാഴ്ചയിൽ എങ്ങും കര കാണാനില്ല. മരിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഇടക്ക് ദൈവം എന്നെ രക്ഷിക്കുമെന്നോ അല്ലെങ്കിൽ ഒരു ബോട്ട് കണ്ടെത്തി അവർ എന്നെ രക്ഷിക്കാൻ കഴിയുന്നത്ര അടുത്തെത്തുമെന്നോ പ്രതീക്ഷിച്ചു. ഞാൻ അതിർത്തി കടക്കാൻ ശ്രമിക്കുകയാണെന്ന് എന്റെ കുടുംബത്തിന് അറിയാമായിരുന്നു. പക്ഷേ, നീന്താനുള്ള എന്റെ പദ്ധതിയെക്കുറിച്ച് അവരോട് പറഞ്ഞിരുന്നില്ല.

ജലപ്രവാഹങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചുകൊണ്ടുപോയി. അഞ്ച് ബോട്ടുകളോടെങ്കിലും ഞാൻ സഹായം ചോദിക്കാൻ ശ്രമിച്ചു. ആരും എന്നെ രക്ഷിച്ചില്ല. സഹായിക്കൂ, സഹായിക്കൂ എന്ന് പലതവണ വിളിച്ചു പറഞ്ഞു. പക്ഷേ ആരും പ്രതികരിച്ചില്ല. ഞാൻ അവരുമായി വളരെ അടുത്തായിരുന്നിട്ടുപോലും. നിരാശയാൽ വലഞ്ഞു.

രണ്ട് രാത്രികളും ഒരു പകലും കടലിൽ ചെലവഴിച്ചതിന് ശേഷം ഏറെ ക്ഷീണിതനായ അദ്ദേഹം, ഒരു ബോട്ട് പോലെ തോന്നിക്കുന്ന ഒന്ന് തന്റെ നേരെ വരുന്നതായി കണ്ടു. ‘ഞാൻ കൈകൾ വീശാൻ തുടങ്ങി. ബോട്ടിലുണ്ടായിരുന്നവർ ബൈനോക്കുലറിലൂടെ നോക്കുന്നതു കണ്ട് പ്രതീക്ഷ പതുക്കെ ഉണർന്നു. അവരുടെ അടുത്തേക്ക് അവ​ശതയോടെ നീന്താൻ തുടങ്ങി. അവർ എനിക്ക് ഒരു കയർ എറിഞ്ഞു തന്നു. ഞാനതിൽ പിടിച്ചു. അവർ എന്നെ വലിച്ചു അടുപ്പിച്ചു ഡക്കിലേക്കു കയറ്റി. എനിക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും തന്നു’- റാഫി ആ സംഭവം ​ഓർത്തു.

ബോട്ടിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം വിഡിയോയിൽ പകർത്തിയിരുന്നു. അവർ നോക്കുമ്പോൾ വിശാലമായ കടലിൽ ഒരു ചെറിയ പൊട്ടുപോലെ ഒരു മനുഷ്യൻ! അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്. കടന്നുപോകുന്ന എല്ലാ ബോട്ടുകളും അവനിൽ നിന്ന് വളരെ അകലെയായിരുന്നു. ആ ദിവസങ്ങൾക്കുള്ളിൽ അവൻ തന്റെ ആരംഭ സ്ഥാനത്ത് നിന്ന് 100 കിലോമീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. ‘ആ ബോട്ട് ഇല്ലായിരുന്നെങ്കിൽ, എനിക്ക് നീന്തൽ തുടരാൻ കഴിയുമായിരുന്നോ എന്ന് അറിയില്ല. എന്നെ രക്ഷപ്പെടുത്തിയ കുടുംബത്തോട് ഞാൻ വളരെ നന്ദിയുള്ളവനാണ്’ - വികാരഭരിതമായ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.

കടലിൽ ആ കുടുംബത്തെ കണ്ടുമുട്ടിയ ഒരു സമുദ്ര രക്ഷാ സേവന കപ്പൽ, റാഫിയെ പൊലീസിനും റെഡ് ക്രോസിനും കൈമാറി. താമസിയാതെ റെഡ് ക്രോസിലെ ജീവനക്കാർ  ആ സന്തോഷവാർത്ത അറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിനെയും മാലഗക്ക് സമീപമുള്ള തീരത്ത് സുരക്ഷിതമായി കണ്ടെത്തിയെന്നായിരുന്നു അത്. ‘ഞാൻ അവനെ വിളിച്ചു. ആ ശബ്ദം കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി. അവൻ രക്ഷപ്പെട്ടതിൽ ഞാൻ ദൈവ​​ത്തോടു നന്ദി പറഞ്ഞു. പിന്നെ വിളിച്ചത് കുടുംബത്തെയായിരുന്നു. യൂറോപ്പിലെത്തിയെന്നും സുരക്ഷിതനാണെന്നും വികാരഭരിതനായി അവരെ അറിയിച്ചു. അവിടെ എത്താൻ ഞാൻ കടന്നുപോയ യാത്രയുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം ഒഴിവാക്കി’.

ശേഷം റെഡ് ക്രോസ് നടത്തുന്ന ഒരു ക്യാമ്പിൽ രണ്ടാഴ്ച ചെലവഴിച്ചു. സ്പെയിനും ഈജിപ്തും തമ്മിൽ സ്വദേശത്തേക്ക് മടക്കി അയക്കൽ കരാറുകൾ ഒന്നും ഇല്ലാത്തതിനാൽ അവർ റാഫിയെ മോചിപ്പിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം അഭയത്തിനായി അപേക്ഷിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ, ഈ പ്രക്രിയക്ക് വർഷങ്ങളെടുക്കും. പുതിയ മണ്ണിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നതിലാണ് ഇ​പ്പോൾ റാഫിയുടെ ശ്രദ്ധ. ‘സ്പെയിനിൽ എത്തിയാലുടൻ ജോലി ലഭിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, യാഥാർത്ഥ്യം അതായിരുന്നില്ല. യൂറോപ്പിലെ ഈ സാഹചര്യം എന്റെ കഷ്ടപ്പാടുകൾക്ക് വിലയിടുന്നതല്ലെന്ന് എനിക്ക് മനസ്സിലായി. ഇവിടെ പേപ്പറുകൾ ഇല്ലാതെ എല്ലാം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് പേപ്പറുകൾ എപ്പോൾ ലഭിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ,  ഒരു ജോലി അന്വേഷിക്കണം, എന്തെങ്കിലും ഒരു ജോലി -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - How did the 23-year-old survive the journey to Europe after being adrift in the Sea for two days?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.