വാഷിങ്ടൺ: റിപ്പബ്ലിക്കൻ നിയന്ത്രണമുള്ള യു.എസ് പ്രതിനിധി സഭയിലെ ഏക ഫലസ്തീൻ വംശജയായ റാശിദ തുലൈബിന് പരസ്യ ശാസന. ഗസ്സയിലെ കുരുതികളെക്കുറിച്ച് തന്റെ നിലപാട് പരസ്യമാക്കിയതിനാണ് മിഷിഗണിൽനിന്നുള്ള ഡെമോക്രാറ്റ് അംഗത്തെ ശാസിച്ചത്. സ്വന്തം കക്ഷിയായ ഡെമോക്രാറ്റുകൾ കൂടി മറുപക്ഷത്തിനൊപ്പം നിന്ന വോട്ടെടുപ്പിൽ 188നെതിരെ 234 വോട്ടുകളോടെയാണ് ശാസന പ്രമേയം പാസായത്.
സഭയിൽനിന്ന് പുറത്താക്കുന്നതിന് തൊട്ടുതാഴെയുള്ള ശിക്ഷാ നടപടിയാണ് ശാസന. ഫലസ്തീൻ വിഷയത്തിൽ എക്കാലത്തും അമേരിക്കയുടെ പൊതുനിലപാടിനെതിരെ സംസാരിക്കുന്നവരാണ് റാശിദ തുലൈബ്. XXXറിപ്പബ്ലിക്കൻ അംഗം റിച്ച് മക്കോർമിക് ആണ് ശാസനാ നടപടി സഭക്കുമുമ്പാകെ വെച്ചത്. സെമിറ്റിക് വിരുദ്ധ നടപടിയാണ് റാശിദ തുലൈബിന്റെയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ‘‘എന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും എന്റെ വാക്കുകളെ വളച്ചൊടിക്കാൻ അനുവദിക്കില്ലെന്നും’’ റാശിദ പറഞ്ഞു.
‘‘ഒരു ഭരണകൂടവും വിമർശനത്തിന് അതീതമല്ല. സർക്കാറിനെ എതിർക്കുന്നത് സെമിറ്റിക് വിരുദ്ധമെന്ന് കുറ്റപ്പെടുത്തുന്നത് അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കാൻ പോകുന്നത്. മനുഷ്യാവകാശങ്ങൾക്കായി ഉറക്കെ പറയുന്ന വേറിട്ട ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. ഇസ്രായേൽ പൗരന്മാർക്കുനേരെ ഹമാസ് നടത്തിയ അതിക്രമങ്ങളെ ഞാൻ പലവട്ടം അപലപിച്ചിട്ടുണ്ട്’’- തുലൈബ് പറഞ്ഞു. 2018ലാണ് തുലൈബ് ആദ്യമായി സഭയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.