ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ചിന്മയ് കൃഷ്ണദാസിനെ നാല് കേസുകളിൽകൂടി അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. ഛതോഗ്രാം മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.എം. അലാവുദ്ദീൻ മഹ്മൂദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോട്വാലി സ്റ്റേഷനിൽ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, അഭിഭാഷകരെയും മറ്റും ആക്രമിച്ചു തുടങ്ങിയ കേസുകളാണ് ദാസിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് റൈഹാനുൽ വസീദ് ചൗധരി പറഞ്ഞു. സുരക്ഷയും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് ദാസിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനിലൂടെ അദ്ദേഹം വാദം കേൾക്കലിന് ഹാജരാവുകയായിരുന്നെന്ന് ബി.ഡി ന്യൂസ് 24 റിപ്പോർട്ട് ചെയ്തു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം അലിഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതി ദാസിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ദാസിന്റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സൈഫുൽ ഇസ്ലാം കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബർ 25നാണ് ദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.