ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് പട്ടണത്തിൽ നിന്ന് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി. ഫത്തേഹ് ചൗക്ക് ഏരിയയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചന്ദ്ര മെഹ് രാജിനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്നും ന്യൂനപക്ഷ സമുദായത്തിൽപെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്യുന്നുവെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.
നാസർപൂർ പ്രദേശത്ത് നിന്ന് മീന മേഘറി (14) നെയും മിർപുർഖാസ് പട്ടണത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറ്റൊരു പെൺകുട്ടിയെയും സെപ്റ്റംബർ 24ന് തട്ടിക്കൊണ്ടുപോയതായി പറയുന്നു. ഇതേ പട്ടണത്തിൽ രവി കുർമിയെന്നയാളുടെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്നും മതം മാറ്റി മുസ്ലീം യുവാവിനെ വിവാഹം ചെയ്തെന്നുമാരോപിച്ച് പരാതി നൽകിയിരുന്നു. അതേസമയം, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് അഹമ്മദ് ചാന്ദിയോൻ എന്നയാളെ വിവാഹം ചെയ്തതെന്ന് ലോക്കൽ പൊലീസ് പറഞ്ഞു.
പാകിസ്താനിയുടെ വിവാഹാഭ്യർഥന നിരസിച്ചതിന് പൂജ കുമാരി എന്ന ഹിന്ദു പെൺകുട്ടി മാർച്ച് 21ന് സുക്കൂറിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ച സംഭവമുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിൽ പാക് പാർലമെന്ററി കമ്മിറ്റി നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബിൽ തള്ളി. ഇതിനെതിരെ നിയമം കൊണ്ടുവരൽ സാധ്യമല്ലെന്നാണ് വകുപ്പു മന്ത്രി മന്ത്രി നൂറുൽ ഹഖ് ഖാദ്രി പറഞ്ഞത്. ഈ നിയമം രാജ്യത്തിന്‍റെ സമാധാനം തകർക്കുമെന്നും ന്യൂനപക്ഷങ്ങളെ കൂടുതൽ ദുർബലരാക്കുമെന്നും മന്ത്രി അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ ഫാക്റ്റ്ബുക്ക്അനുസരിച്ച് ജനസംഖ്യയുടെ 3.5 ശതമാനമാണ് രാജ്യത്തെ ഹിന്ദു- ക്രിസ്ത്യൻ- ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.