ഗസ്സ: വടക്കൻ ഗസ്സയിൽ ബന്ദിയാക്കിയ ഇസ്രായേലികളിൽ ഭൂരിഭാഗത്തെക്കുറിച്ചും വിവരമില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗം. ഇസ്രായേൽ സൈനിക നടപടിമൂലം ഇത്തരമൊരു അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇത് അവഗണിക്കുകയായിരുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി. തടവുകാരുടെ മരണത്തിനും ദുരവസ്ഥക്കും അധിനിവേശ സൈന്യവും സർക്കാറുമാണ് ഉത്തരവാദികളെന്ന് ഹമാസ് വക്താവ് അൽജസീറയോട് പറഞ്ഞു.
അതേസമയം, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ സൈന്യം ജെനിന് തെക്ക് ഖബാത്തിയ പട്ടണത്തിലെ വീടുവളഞ്ഞ് നടത്തിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് ഫലസ്തീനികളെ തടവിലാക്കി.
ഒരാഴ്ചയായി നടത്തിയ സൈനിക നടപടിയിൽ നിരവധി ഫലസ്തീൻ പോരാളികളെ കൊലപ്പെടുത്തിയതായും 73 പേരെ അറസ്റ്റ് ചെയ്തതായും സൈന്യം അറിയിച്ചു. അതിനിടെ, ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൂടി കൊല്ലപ്പെട്ടു. ബുറൈജ് ക്യാമ്പിൽ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണത്തിൽ അഞ്ചുപേരാണ് മരിച്ചത്. ഗസ്സ സിറ്റിയുടെ കിഴക്ക് വീടിനുനേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഈ വർഷം ഇതുവരെ 490 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. 2023 ഒക്ടോബർ ഏഴുമുതൽ കുറഞ്ഞത് 46,006 ഫലസ്തീനികൾ കൊല്ലപ്പെടുകയും 109,378 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഡയറക്ടർ ഹുസാം അബു സഫിയയുടെ അനധികൃത തടങ്കൽ ഇസ്രായേൽ ഫെബ്രുവരി 13 വരെ നീട്ടിയതായി മനുഷ്യാവകാശ സംഘടനയായ അൽ മിസാൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിനുശേഷം ഇത് രണ്ടാം തവണയാണ് തടവ് നീട്ടുന്നത്. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയ ടൗണിലെ ഇന്തോനേഷ്യൻ ആശുപത്രി വളപ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. ബുധനാഴ്ച മുതൽ ഒരുതുള്ളിവെള്ളം പോലും കിട്ടുന്നില്ലെന്ന് ആശുപത്രിയിലെ നഴ്സ് റവയ തൻബൂര പറഞ്ഞു.
തെക്കൻ ലബനാൻ പട്ടണത്തിലും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി.ഐത അൽ-ഷാബ് നഗരം ആക്രമണത്തിൽ തകർന്നു. അതിനിടെ, ഇസ്രായേൽ നേതാക്കൾക്ക് യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ച യു.എസ് ജനപ്രതിനിധി സഭാ നടപടിയിൽ ആംനസ്റ്റി ഇൻർനാഷനൽ പ്രതിഷേധിച്ചു. ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഇസ്രായേൽ സൈനികൻ ബോവാസ് ബെൻ ഡേവിഡിനെതിരായ കേസ് സ്വീഡിഷ് കോടതിയിൽ സമർപ്പിച്ചതായി ഹിന്ദ് റജബ് ഫൗണ്ടേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.